കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളാണ് കൊല്ലം ജില്ല ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി എം എം ജോസ് ആണ് 13 പേരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ തലവൻ. പ്രതികളെ കണ്ടെത്തിയ സാഹചര്യത്തില്‍ അവരെ കസ്റ്റഡിയില്‍ വാങ്ങുക എന്ന നടപടിക്രമം മാത്രമാണ് കേസില്‍ ഇനി ബാക്കിയുള്ളത്.
അന്വേഷണ ചുമതല ആരെയെങ്കിലും പ്രത്യേകമായി ഏല്‍പ്പിക്കേണ്ടതുണ്ട് എന്നതിന്റെ ഭാഗമായാണ് കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് വിട്ടത്. ഡിഐജി ആര്‍ നിശാന്തിനിക്കായിരുന്നു കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണ ചുമതല. പിന്നീടുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡി ഐ ജിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് വിഭാഗത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്വേഷണമാണ് നടന്നത്.
അതേസമയം കേസില്‍ പ്രതികളായ പത്മകുമാര്‍, ഇയാളുടെ ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവര്‍ നിലവില്‍ റിമാൻഡില്‍ ആണ് ഉള്ളത്. ഡിസംബര്‍ 15നാണ് റിമാൻഡ് കാലാവധി അവസാനിക്കുക.