മരണം 289; ബെയ്‌ലി പാലം തുറന്നു, ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി

മരണം 289; ബെയ്‌ലി പാലം തുറന്നു, ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി
alternatetext

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 289 ആ‌യി ഉയർന്നു. 279 പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 100 പേരെയാണ് തിരിച്ചറിഞ്ഞത്. മരണം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ കുട്ടികളാണ്. 200 പേരെയാണ് കാണാതായത്. ഇവരില്‍ 29 പേർ കുട്ടികളാണ്. 142 പേരെയാണ് ക്യാമ്ബുകളിലേക്ക് മാറ്റിയത്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം.

രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലം തുറന്നു. വാഹനങ്ങള്‍ കടത്തിവിട്ടു. കൂടുതല്‍ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച്‌ തിരച്ചില്‍ ഊർജിതമാക്കും. ചൂരല്‍ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്.

190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകള്‍ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. മൃതദേഹത്തിനായി തിരച്ചില്‍ നടത്തേണ്ട 15 സ്ഥലങ്ങള്‍ കൂടി കണ്ടെത്തിയതായി മന്ത്രി കെ. രാജൻ പറഞ്ഞു.

ഡോഗ് സ്ക്വാഡ് അഞ്ച് സ്പോട്ടുകള്‍ തിരിച്ചറിഞ്ഞു. ഇവിടങ്ങളില്‍ തിരച്ചില്‍ ശക്തമാക്കും. നാളെ മുതല്‍ കൂടുതല്‍ വിപുലമായ ദൗത്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിർത്തി. ചാലിയാറിലും കരയിലെ വനത്തിലുമായി നടത്തിയ തിരച്ചിലില്‍ ഇതുവരെ 58 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

നിലമ്ബൂർ, പോത്തുകല്‍, മുണ്ടേരി ഭാഗത്ത് ചാലിയാർ പുഴയുടെ വിവിധ കടവുകളില്‍ നിന്നായി മൂന്ന് ദിവസത്തെ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മലപ്പുറത്ത് ലഭിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും വയനാട്ടിലേക്ക് മാറ്റി. ശക്തമായ മഴയെ തുടർന്ന് പുഞ്ചിരിമട്ടത്ത് തിരച്ചില്‍ നിര്‍ത്തി. കരസേന ഉദ്യോഗസ്ഥർ അടക്കം മടങ്ങി. കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടായേക്കാമെന്ന സൂചനയെ തുടർന്ന് പതിമൂന്നാം പാലത്തില്‍ വില്ലേജ് റോഡില്‍ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരുന്നു.