എ.ഇ.ഒയ്‌ക്ക്‌ നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ ഹെഡ്‌മാസ്‌റ്റര്‍ വിജിലന്‍സ്‌ പിടിയില്‍

എ.ഇ.ഒയ്‌ക്ക്‌ നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ ഹെഡ്‌മാസ്‌റ്റര്‍ വിജിലന്‍സ്‌ പിടിയില്‍
alternatetext

കോട്ടയം: എ.ഇ.ഒയ്‌ക്ക്‌ നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ ഹെഡ്‌മാസ്‌റ്റര്‍ വിജിലന്‍സ്‌ പിടിയില്‍. ചാലുകുന്ന്‌ സി.എന്‍.ഐ: എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപകന്‍ വാകത്താനം നാലുന്നാക്കല്‍ തൂലിമണ്ണില്‍ വീട്ടില്‍ സാം ജോണ്‍ ടി.തോമസി(52)നെയാണ്‌ കോട്ടയം വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍സ്‌ ബ്യൂറോ കോട്ടയം എസ്‌.പി: വി.ജി. വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. സംഭവത്തില്‍ ഹെഡ്‌മാസ്‌റ്ററേയും എ.ഇ.ഒ യെയും സസ്‌പെന്‍ഡ്‌ ചെയ്‌തു.

ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സര്‍വീസ്‌ റെഗുലറൈസ്‌ ചെയ്‌തു കൊടുക്കുന്നതിനായി കോട്ടയം വെസ്‌റ്റ്‌ എ.ഇ.ഒ മോഹനദാസിനു നല്‍കുന്നതിനെന്ന പേരിലാണ്‌ 10,000 രൂപ കൈക്കൂലി വാങ്ങിയത്‌. കോട്ടയം സ്വദേശിയായ അധ്യാപികയുടെ അധിക തസ്‌തിക, അധ്യാപികയായി ജോലി ചെയ്‌തിരുന്ന കാലയളവ്‌ നോഷണലായി അംഗീകരിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന്‌ എ.ഇ.ഒയ്‌ക്കു നല്‍കുന്നതിനായാണ്‌ അധ്യാപികയോട്‌ സാം പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്‌. തുടര്‍ന്ന്‌, അധ്യാപിക കോട്ടയം വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.

വിജിലന്‍സ്‌ ഉദ്യോഗസ്‌ഥരുടെ നിര്‍ദേശപ്രകാരം രാവിലെ അധ്യാപിക സ്‌കൂളിലെത്തി. പ്രഥമാധ്യാപകന്റെ ഓഫീസ്‌ മുറിയിലെത്തുകയും ഫിനോഫ്‌തലിന്‍ പുരട്ടിയ കൈക്കൂലി തുക കൈപ്പറ്റുന്നതിനിടെ വിജിലന്‍സ്‌ സംഘം ഇദ്ദേഹത്തെ പിടികൂടുകയുമായിരുന്നു. സമാന ക്രമക്കേടുകള്‍ നടത്തിയിരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ മോഹനദാസ്‌ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. സംഭവത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഷാനവാസിനോട്‌ പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.

കോട്ടയം യൂണിറ്റ്‌ വിജിലന്‍സ്‌ ഡിവൈ.എസ്‌.പി: വി.ആര്‍. രവികുമാര്‍, ഇന്‍സ്‌പെക്‌ടര്‍മാരായ മഹേഷ്‌ പിള്ള, എ.എസ്‌. അന്‍സല്‍, ജി.രമേഷ്‌, എസ്‌.പ്രദീപ്‌ എന്നിവരും സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ സ്‌റ്റാന്‍ലി തോമസ്‌, പി.എന്‍. പ്രദീപ്‌, വി.എം. ജയ്‌മോന്‍, വി.ടി. സാബു, അനില്‍കുമാര്‍, ജി.സോമനാഥന്‍, കെ.പി. രഞ്‌ജിനി, എ.ഐ. ഹാരിസ്‌, കെ.എസ്‌. അനില്‍കുമാര്‍, എം.ആര്‍ രാജീവ്‌, ടി.പി രാജേഷ,്‌ അരുണ്‍ ചന്ദ്‌, കെ.ആര്‍ സുരേഷ്‌, ജോഷി, അനില്‍കെ.സോമന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോട്ടയം വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു