ഇടുക്കി: വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ എസ്.ഐയ്‌ക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി ഉപ്പുതറ എസ്.ഐ: കെ.ഐ. നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി: പുട്ട വിമലാദിത്യ സസ്‌പന്‍ഡ് ചെയ്‌തത്. കഴിഞ്ഞ മാസം 13ന് വൈകിട്ട് മേരികുളം ടൗണിനു സമീപം വാഹനത്തില്‍ മദ്യപിച്ചു കൊണ്ടിരുന്നത് ചോദ്യം ചെയ്‌തത് സംഘര്‍ഷമുണ്ടാകുകയും രണ്ടു പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് സമീപവാസിയായ വീട്ടുടമസ്‌ഥന് എതിരെ പോലീസ് കേസെടുത്തിരുന്നു.
അന്വേഷണത്തില്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യവുമായി പ്രതിയുടെ ബന്ധുക്കള്‍ 16 ന് എസ്.ഐയെ സമീപിച്ചു. താമസസ്‌ഥലത്ത് എത്താന്‍ നിര്‍ദ്ദേശിക്കുകയും അവിടെ വച്ച് 10,000 രൂപ എസ്.ഐ. വാങ്ങുകയും ചെയ്‌തു. പിറ്റേന്ന് പ്രതി കീഴടങ്ങി റിമാന്‍ഡിലായി.
എന്നാല്‍, കൈക്കൂലി നല്‍കിയ വിവരം പ്രതിയുടെ ബന്ധുക്കളില്‍ നിന്നും തന്നെ ചോര്‍ന്നു. വിവരം നാട്ടില്‍ പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കട്ടപ്പന ഡിവൈ.എസ്‌പിയോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തില്‍ എസ്.ഐ. കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തി. ഇതു വ്യക്‌തമാക്കി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇന്നലെ എസ്.ഐയെ സസ്‌പന്‍ഡു ചെയ്‌തു കൊണ്ട് ഉത്തരവിറങ്ങിയത്.
ഉപ്പുതറ സി.ഐ. സ്‌ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്.ഐ. ആയിരുന്ന നസീര്‍, താല്‍ക്കാലിക ചുമതലയില്‍ ഉപ്പുതറ സ്‌റ്റേഷനില്‍ എത്തിയത്.