പെരുമ്പാവൂർ: നവകേരള സദസ്സിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിക്കും, മറ്റ് മന്ത്രിമാർക്കും വാഹനത്തിൽ വേദിയുടെ അരികിൽ എത്തുന്നതിനു വേണ്ടി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിന്റെ മതിൽ പൊളിച്ചതിനെതിരെ വ്യാപകപ്രതിഷേധം. സംഭവത്തെ തുടർന്ന് ഡിസംബർ പതിനഞ്ചിന് സുഭാഷ് മൈതാനിയിൽ വച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ വിചാരണസദസ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
നഗരസഭയുടെ എതിർപ്പ് മറികടന്ന് മതിൽ പൊളിച്ചതിനെതിരെ പോലീസിൽ പരാതി നൽകിയ യുഡിഎഫ്, എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ മതിൽ തീർത്തു. കൂടാതെ മതിൽ പൊളിക്കാൻ ഒത്താശ ചെയ്ത പ്രതിപക്ഷ നേതാവിനും, നഗരസഭ ഉദ്യോഗസ്ഥർക്കും എതിരെ നടപടികൾ ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.