ചെന്നൈ (തമിഴ്നാട്): മിഷോങ് ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ചെന്നൈയില്‍ മതില്‍ തകര്‍ന്നു വീണ് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഈസ്റ്റ് കോസ്റ്റല്‍ റോഡിലെ കനത്തൂര്‍ ഏരിയയിലാണ് സംഭവം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ചെന്നൈ ബ്രോഡ് വേയില്‍ ഷോക്കേറ്റ് ദിണ്ടിഗല്‍ സ്വദേശി പത്മനാഭൻ മരിച്ചു. മഴയത്ത് റോഡിലൂടെ പോകുമ്ബോഴാണ് പത്മനാഭന് ഷോക്കേറ്റത്.
വേലച്ചേരിയില്‍ കെട്ടിടം തകര്‍ന്നു വീണ് ആറു പേര്‍ക്ക് പരിക്കേറ്റു. അടയാറില്‍ മരം കടപുഴകി വീണ് ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം എന്നീ ജില്ലകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ചെന്നൈ തീരത്തിന് 100 കിലോമീറ്റര്‍ അകലെ എത്തും. തുടര്‍ന്ന് തമിഴ്നാട് തീരത്തോട് സമാന്തരമായി സഞ്ചരിച്ച് നാളെ പുലര്‍ച്ചെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ തീരം തൊടും. വടക്ക് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി എം.കെ. സ്റ്റാലിൻ സംസാരിച്ചു. ദേശീയ ദുരന്തനിവാരണസേനയുടെ കൂടുതല്‍ യൂണിറ്റുകളെ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ചെന്നൈയിലെ മലയാളികള്‍ക്കായി നോര്‍ക്കയുടെ ഹെല്‍പ് ലൈൻ സംവിധാനം ആരംഭിച്ചു. ഹെല്‍പ് ലൈൻ: 9176681818, 9444054222, 9790578608, 9840402784, 9444467522, 9790857779, 9444186238.