കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചിട്ടും വ്യക്തത വരുത്താനാകാതെ പോലീസ്. ഓയൂർ സംഭവത്തിൽ ഒരു കൂട്ടം ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു.പ്രതികളിലേക്കു എങ്ങനെ ചെന്ന് എന്ന് ഇപ്പോഴും ആക്ഷേപം വിവിധ കോണുകളിൽ നിന്നും ഉയർത്തുന്നത് പൊലീസിനു തലവേദനയാകുന്നു.
തമിഴ്നാട്ടിലെ പുളിയറയില്‍നിന്ന് പ്രതികളെ പിടികൂടിയ ശനിയാഴ്ച രാത്രി 9.30-ന് വിളിച്ച പത്രസമ്മേളനം 18 മണിക്കൂറിലേറെ വൈകിച്ചത് പഴുതുകളില്ലാതെ എങ്ങനെ അവതരിപ്പിക്കണമെന്ന ആലോചനയുടെ ഭാഗമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വൈകിയുണ്ടാക്കിയ കഥ വിശ്വസിക്കാനാകുന്നില്ലെന്ന് സേനയിലെതന്നെ ഉന്നതോദ്യേഗസ്ഥര്‍ പറയുന്നു.
പ്രതികള്‍ക്ക് അഞ്ചുകോടിയിലേറെ കടമുണ്ടെന്നു പറഞ്ഞ പോലീസ്,എന്നാൽ പുറത്തുവന്ന കടബാധ്യതയുടെ ലിസ്റ്റ് പരിശോദിച്ചാൽ രണ്ടു കോടിയിൽ കൂടുതൽ ഇല്ലന്ന് വ്യക്തമാകുന്നു . അഞ്ചോ പത്തോ ലക്ഷം രൂപയ്ക്കുവേണ്ടിയാണ് ഇങ്ങനെയൊരു കൃത്യം ആസൂത്രണം ചെയ്തതെന്നാണ് വിശദീകരിച്ചത്. വസ്തുവകകള്‍ വിറ്റാല്‍ തീരുന്ന കടമേയുള്ളൂവെന്നും അതേ നാവുകൊണ്ട് പറഞ്ഞു.
മൂന്നാംപ്രതിയായ അനുപമയ്ക്ക് മാസം അഞ്ചുലക്ഷം രൂപവരെ വരുമാനമുണ്ടെന്നും ഇപ്പോള്‍ നിലച്ച വരുമാനം മൂന്നുമാസത്തിനുശേഷം കിട്ടുമെന്നുമായിരുന്നു മറ്റൊരു വിശദീകരണം. മൂന്നുമാസം കാത്തിരുന്നാല്‍ കിട്ടുന്ന അഞ്ചുലക്ഷം രൂപയ്ക്കുവേണ്ടി കുടുംബത്തോടെ അകത്തായേക്കാവുന്ന കുറ്റം ചെയ്യുമോയെന്ന ചോദ്യത്തിനു മുന്നിലും പോലീസിന് കൃത്യമായ മറുപടിയില്ല.
തട്ടിക്കൊണ്ടുപോയ സമയത്ത് കാറില്‍ ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമുണ്ടായിരുന്നെന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. അവൻ ഹീറോയാണെന്ന് എ.ഡി.ജി.പി. എം.ആര്‍.അജിത്ത്കുമാര്‍ പറയുകയും ചെയ്തു. 40 സെക്കൻഡ് മാത്രം പ്രതികളെ കണ്ട സഹോദരൻ അങ്കലാപ്പില്‍ നല്‍കിയ മൊഴിയായിരുന്നെന്നായി പിന്നീട് പോലീസിന്റെ വിശദീകരണം.
ഇതേ കാര്‍ താൻ കണ്ടെന്നും അഞ്ചുപേര്‍ ഉള്ളിലുണ്ടായിരുന്നെന്നും കല്ലുവാതുക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതീഷ് നല്‍കിയ മൊഴിയെപ്പറ്റിയും പോലീസിനു മിണ്ടാട്ടമില്ല. കടുത്ത പോലീസ് പരിശോധനയുടെ സമ്മര്‍ദത്തിലാണ് പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ചതെന്നായിരുന്നു മറ്റൊരു വാദം. തട്ടിയെടുത്ത കുട്ടിയുമായി പ്രതികള്‍ കുറഞ്ഞത് രണ്ടുതവണ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനു സമീപത്തുകൂടി പോയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ജില്ലാ ആസ്ഥാനത്തിനു തൊട്ടടുത്തുനിന്ന് ഓട്ടോ വിളിച്ചപ്പോഴും തിരക്കേറിയ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചപ്പോഴും ആരും കണ്ടില്ലേ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.
പ്രതികളെ പിടികൂടിയശേഷം അന്വേഷണം പരിമിതപ്പെടുത്താൻ ശ്രമമുണ്ടായതായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇതിന്റെ ഭാഗമായത് എങ്ങനെ? പ്രതികൾ സാധനങ്ങൾ വാങ്ങാൻ കയറിയ കടയിലെ ആൾകാർ പറഞ്ഞ രൂപരേഖയിൽ ആൾ എവിടെ ? ഈ ചോദ്യങ്ങൾ ബാക്കി നിൽക്കെ ‘ഇവര്‍ മൂന്നുപേരാണ് പ്രതികള്‍, ഇവരല്ലാതെ മറ്റാര്‍ക്കും പങ്കില്ല’ എന്ന മട്ടിലാണ് പിന്നീടുള്ള വിശദീകരണങ്ങളെല്ലാം.