ന്യൂഡല്‍ഹി: നാലു നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്ത് ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. കോണ്‍ഗ്രസ് മൂന്നു സംസ്ഥാനങ്ങളില്‍.
- ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍: യു.പി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തിസ്ഗഢ്, ഹരിയാന, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്.
- സഖ്യകക്ഷികള്‍ക്കൊപ്പം ഭരണം പങ്കിടുന്ന സംസ്ഥാനങ്ങള്‍: മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം.
- കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍: കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന.
- കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങള്‍: ബിഹാര്‍, ഝാര്‍ഖണ്ഡ്.
- കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഡി.എം.കെ തമിഴ്നാട് ഭരിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദേശീയ പാര്‍ട്ടിയും രണ്ടാമത്തെ പ്രതിപക്ഷ പാര്‍ട്ടിയും ഇപ്പോള്‍ പഞ്ചാബും ഡല്‍ഹിയും ഭരിക്കുന്ന ആം ആദ്മിയാണ്. ആറു ദേശീയ പാര്‍ട്ടികളാണ് നിലവിലുള്ളത്: ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബി.എസ്.പി, സി.പി.എം, നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടി. 543 ലോക്സഭ സീറ്റുകളില്‍ പകുതിയും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് മുൻതൂക്കമുള്ള മണ്ഡലങ്ങള്‍.
50ല്‍ താഴെ ലോക്സഭ സീറ്റുകളുള്ള രണ്ട് സംസ്ഥാനങ്ങള്‍ (ഒഡിഷ, ആന്ധ്രാപ്രദേശ്) ഭരിക്കുന്ന പാര്‍ട്ടികള്‍ ബി.ജെ.പി സഖ്യത്തിന്റെയോ ‘ഇൻഡ്യ’ മുന്നണിയുടെയോ ഭാഗമല്ല. നിരവധി എം.പിമാര്‍ ഇപ്പോള്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ടെങ്കിലും മൂന്നുമാസത്തിനകം ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്റെ യോഗം വിളിച്ച് കോണ്‍ഗ്രസ്. ബുധനാഴ്ച്ച ഡല്‍ഹിയില്‍ യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം ചേരാന്‍ നിര്‍ദേശിച്ചത്
രാജസ്ഥാനില്‍ സിപിഎമ്മിനു രണ്ടു സിറ്റിംഗ് സീറ്റും നഷ്ടമായി.2018ല്‍ വിജയിച്ച ദുംഗാര്ഗഡ്, ഭദ്ര സീറ്റുകളിലാണു സിപിഎം തോറ്റത്. രണ്ടിടത്തും ബിജെപി വിജയിച്ചു.തെലുങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ കോതഗുഡം സീറ്റില്‍ മത്സരിച്ച സിപിഐക്കു വിജയം. സിപിഐ സ്ഥാനാര്‍ഥി കുനംനേനി സാംബശിവ റാവുവാണു വിജയിച്ചത്.