മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി ഡിസംബര്‍ നാലിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ തീരുമാനം അറിയിച്ചത്. ഞായറാഴ്ച ക്രിസ്തുമത വിശ്വാസികളുടെ പുണ്യദിനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ക്രിസ്ത്യന്‍ സമുദായത്തിന് ആധിപത്യമുള്ള സംസ്ഥാനമായ മിസോറാമിലെ വോട്ടെണ്ണല്‍ തീയതി ഞായറാഴ്ചയാകുന്നത് ബുദ്ധിമുട്ടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
“വോട്ടെണ്ണല്‍ തീയതി ഡിസംബര്‍ മൂന്നില്‍ നിന്ന് മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റണമെന്ന് നിരവധി അഭ്യര്‍ഥനകള്‍ കമ്മീഷന് ലഭിച്ചിരുന്നു. മിസോറാമിലെ ജനങ്ങള്‍ക്ക് ഒരു പ്രത്യേക പ്രാധാന്യമുള്ള ദിനമാണ് ഡിസംബര്‍ മൂന്ന് ഞായറാഴ്ച.
ഈ വിഷയങ്ങള്‍ പരിഗണിച്ച് കമ്മീഷൻ, 2023 ഡിസംബര്‍ മൂന്ന് ഞായറാഴ്ചയില്‍ നിന്ന് 2023 ഡിസംബര്‍ നാലാം തീയതിയിലേക്ക് മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റാൻ തീരുമാനിച്ചു’. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഏകകണ്ഠമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.