ഡല്‍ഹി: കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രയില്‍ എല്ലാ കേന്ദ്രമന്ത്രിമാരും സജീവമായി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “വികസിത് ഭാരത്” എന്ന ലക്ഷ്യത്തിലേയ്‌ക്കുള്ള വഴികളിലൊന്നാണ് കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികളെ പരിചയപ്പെടുത്തുക എന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പദ്ധതികള്‍ എങ്ങനെയാണ് രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി ബോദ്ധ്യപ്പെടുത്തി കൊടുക്കണമെന്നും കേന്ദ്രമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
2.55 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലെ 18,000-ത്തോളം സ്ഥലങ്ങളിലും വാഹനങ്ങള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പരസ്യപ്പെടുത്തും. ഐഇസി (ഇൻഫര്‍മേഷൻ, എഡ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ) വാനുകള്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളായ കിസാൻ ക്രെഡിറ്റ് കാര്‍ഡ്, ഗ്രാമീണ ഭവന പദ്ധതി, ഉജ്ജ്വല സ്കീം, പിഎം സ്വാനിധി യോജന എന്നിങ്ങനെയുള്ള പദ്ധതികളെ പരിചയപ്പെടുത്തും.
യാത്രയുടെ ഭാഗമായി, രാജ്യത്തെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള 2.55 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ക്ലസ്റ്ററുകളിലും 2,500-ലധികം മൊബൈല്‍ പെര്‍ഫോമിംഗ് വാനുകളും 200-ലധികം മൊബൈല്‍ തിയറ്റര്‍ വാനുകളും സര്‍വ്വീസ് നടത്തും. ഗ്രാമീണ ക്യാമ്ബെയ്‌നിന്റെ നോഡല്‍ മന്ത്രാലയമായി കൃഷി മന്ത്രാലയവും നഗര പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് ഇൻഫര്‍മേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയവുമാണ്.
നവംബര്‍ 15ന് ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ നിന്നാണ് പ്രധാനമന്ത്രി യാത്ര ആരംഭിച്ചത്. യാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേകം രൂപകല്പന ചെയ്ത അഞ്ച് ഐഇസി വാനുകള്‍ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഗണ്യമായി വനവാസി ജനസംഖ്യയുള്ള രാജ്യത്തെ മറ്റ് ജില്ലകളില്‍ നിന്നും സമാനമായ വാനുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. 2024 ജനുവരി 25-ന് വരെയാണ് ക്യാമ്ബെയിൻ നടക്കുക.