BJP OBC മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രജ്ഞിത്ത് ശ്രീനിവാസ് വധക്കേസിൽ പ്രോസിക്യൂഷൻ ഭാഗം അന്തിമ വാദം മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി. ജി. ശ്രീദേവി മുമ്പാകെ പൂർത്തിയായി.
2021 ഫെബ്രുവരിയിൽ ചേർത്തലയിൽ നന്ദു കൃഷ്ണ എന്ന RSS പ്രവർത്തകൻ്റെ കൊലപാതക ശേഷം രാഷ്ട്രീയ ശത്രുക്കളെ തിരഞ്ഞുപിടിച്ച് വധിക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവർത്തന രീതിയാണ് പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തകർ നടപ്പിലാക്കിയിരുന്നത് എന്ന വാദമാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ പ്രധാനമായും മുന്നോട്ട് വെച്ചത്.
അതിനായി ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയ പ്രതികൾ കൊലപ്പെടുത്തുന്നതിനായി എതിർ രാഷ്ടീയ സംഘടനയുടെ സംസ്ഥാന ചുമതലയിലുണ്ടായിരുന്ന രജ്ഞിത്ത് ശ്രീനിവാസിനെ ആദ്യ ലക്ഷ്യമായി തിരഞ്ഞെടുക്കുകയും തുടർന്ന് വിശദ വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷം തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റ് മൂന്നാം പ്രതി അനൂപിൻ്റെ മൊബൈലിൽ സൂക്ഷിക്കുകയും ചെയ്തിരുന്നതായി പ്രോസിക്യൂഷൻ ഭാഗത്തു നിന്നും തെളിവുകൾ ഹാജരാക്കിയിരുന്നു. തുടർന്ന് അനൂപിൻ്റെ ഭാര്യാ വീട്ടിൽ നിന്നും പോലിസ് ഈ ഫോൺ കണ്ടെടുത്തിരുന്നു.
ആയതിൻ്റെ അടിസ്ഥാനത്തിൽ 2021 ഡിസമ്പർ 18 ന് രാത്രി 8 മണിക്ക് ശേഷം മണ്ണഞ്ചേരിയിലുള്ള പതിനാലാം പ്രതിയുടെ വീട്ടിൽ വെച്ച് കൊലപാതകത്തിനുള്ള ആസൂത്രണ ഗൂഡാലോചന നടന്നുവെന്നും അതേ സമയം തന്നെ ആലപ്പുഴയിൽ PFI ഓഫിസിനു സമീപം തന്നെ മറ്റൊരു ഗൂഡാലോചന നടന്നുവെന്നും ആ ഗൂഡാലോചനകളിൽ രജ്ഞിത്തിനെ അന്നു രാത്രിയിൽ തന്നെ കൊലപ്പെടുത്തുവാനുള്ള തീരുമാനമെടുത്തുവെന്നും തെളിവുകൾ ഉള്ളതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഗൂഡാലോചന തീരുമാന പ്രകാരം രജ്ഞിത്ത് വക്കീലോഫിസിൽ ഉണ്ടോയെന്ന് അറിയുവാനായി കേസിലെ പ്രതികളായ അജ്മൽ, നസീർ എന്നിവർ രജ്ഞിത്തിൻ്റെ ഓഫിസിനു സമീപം വന്ന് അന്വേഷിച്ചത് കണ്ടതായ സാക്ഷിമൊഴികളും രജ്ഞിത്തിൻ്റെ ഓഫിസ് അടഞ്ഞുകിടക്കുന്ന വിവരം പ്രതികൾ കൂട്ടുപ്രതിയായ സലാം പൊന്നാടിനെ ഫോണിൽ വിളിച്ച് അറിയിച്ചതായ പ്രതികളുടെ കോൾ ലിസ്റ്റ് വിവരങ്ങളും പ്രോസിക്യൂഷൻ വാദങ്ങൾ ശരിവെക്കുന്നതാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
തുടർന്ന് രാത്രി പതിനൊന്നരയോടെ നടന്ന മൂന്നാം ഘട്ട ഗൂഡാലോചനയിൽ അന്ന് രാത്രി ഒരു മണിയോടെ കൊലപാതകം നടത്താൻ തീരുമാനമെടുത്തതായും ആയതിനായി മൂന്നാം പ്രതിയും ആലപ്പുഴ ടൗണിനു സമീപം താമസിക്കുന്നയാളുമായ അനൂപ് ഉൾപ്പെടെയുള്ള പ്രതികൾ മണ്ണഞ്ചേരിയിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ വ്യക്തമാക്കുന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇപ്രകാരം കൊലപാതകത്തിനായി മണ്ണഞ്ചേരിയിൽ നിന്നും നാല് മോട്ടോർസൈക്കിളുകളിലായി എട്ട് പ്രതികൾ രഞ്ജിത്തിന്റെ വീടിന് സമീപം എത്തിയിരുന്നുവെങ്കിലും സാഹചര്യം അനുകൂലമല്ല എന്ന് മൂന്നാം പ്രതി അനൂപ് അഞ്ചാം പ്രതി സലാമിനെ ഫോണിൽ കൂടി ധരിപ്പിക്കുകയും തുടർന്ന് പ്രതികൾ മണ്ണഞ്ചേരിയിലേക്ക് തിരികെ പോയതിനും തെളിവുകൾ ഉള്ളതായും ഇപ്രകാരം നഗരത്തിലെത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായ സാക്ഷിമൊഴികൾ ഉള്ളതും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഈ സമയങ്ങളിൽ പ്രതികളെ കണ്ട് തിരിച്ചറിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സാക്ഷി മൊഴികളും കേസിൽ പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇങ്ങനെ ആദ്യ ഉദ്യമം വിഫലമായതിനെ തുടർന്ന് കേസിലെ പ്രതി കളായ അനുപ്, ഷാജി തുടങ്ങിയവർ ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് മറ്റൊരു ഗൂഢാലോചന നടത്തുകയും ആ ഗൂഢാലോചനയിൽ പത്തൊമ്പതാം തീയതി രാവിലെതന്നെ കൊലപാതകം നടത്തുവാൻ അന്തിമമായി തീരുമാനമെടുക്കുകയും ചെയ്തതായും റെയിൽവേ സ്റ്റേഷനിലെ പോർട്ടർ ഇപ്രകാരം ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കുന്ന പ്രതികളെ കണ്ടതായി കോടതിയിൽ മൊഴി കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രതികളുടെ ടവർ ലൊക്കേഷൻ ഈ സംഗതിയെ ശരിവെക്കുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ഇപ്രകാരം നടന്ന ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികളായ അനൂപ്, സക്കീർ ഹുസൈൻ എന്നിവർ ഈ വിവരങ്ങൾ മണ്ണഞ്ചേരിയിലുള്ള ഒന്നാംപ്രതി നൈസാമിനെ ഫോണിൽ കുടി അറിയിക്കുകയും തുടർന്ന് രാവിലെ ആറുമണിയോടുകൂടി മണ്ണഞ്ചേരിയിൽ നിന്നും നാല് ബൈക്കുകളിലായി എട്ടു പ്രതികൾ ആലപ്പുഴയിലേക്ക് കൊലപാതകത്തിന് പുറപ്പെട്ടതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഇപ്രകാരം വരുന്ന വഴിയിൽ പ്രതികളുടെ ചിത്രങ്ങൾ പതിഞ്ഞ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ കണ്ട, പ്രതികളെ മുൻ പരിചയമുള്ള സാക്ഷികൾ അവരെ തിരിച്ചറിഞ്ഞതായി കോടതിയിൽ തെളിവുള്ളതായും നാല് പ്രതികൾ രണ്ട് സ്കൂട്ടറുകളിലായി വരുന്നത് കണ്ടതായ സാക്ഷി മൊഴിയും കേസിൽ പ്രോസിക്യൂഷന് അനുകൂലമാണെന്ന് പ്രോസിക്യൂഷൻ കോടതിൽ വ്യക്തമാക്കി. ഇങ്ങനെ ആറു വാഹനങ്ങളിലായി എത്തിയ 12 പ്രതികൾ രജ്ഞിത്തിൻ്റെ വീട്ടിലെത്തുകയും അവരിൽ 8 പേർ വീടിനുള്ളിൽ പ്രവേശിച്ച് രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തത് സാക്ഷിമൊഴികൾ കൊണ്ട് വ്യക്തമാകുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.