കൊല്ലം: പ്രാർത്ഥനയോട് രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് ഏറ്റെടുത്ത് വീട്ടിലേക്ക് എത്തിക്കുകയാണ്. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകള്‍ക്ക് അവസാനമായി.
ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടര്‍ന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോള്‍ അബിഗേല്‍ സാറാ റെജിയെന്ന് മറുപടിനല്‍കുകയും നാട്ടുകാര്‍ ഫോണില്‍ കാണിച്ചുനല്‍കിയ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുടിക്കാൻ വെള്ളംനല്‍കി. ഉടൻതന്നെ പോലീസിലും വിവരമറിയിച്ചു.
തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.
ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയേയാണ് ഇന്നലെ വൈകിട്ടോടെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള കാറില്‍ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സഹോദരൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്ബോഴായിരുന്നു സംഭവം. കാറില്‍ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്.