ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറായി

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറായി
alternatetext

കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറായി. ഈ സംഘം സാധനം വാങ്ങാന്‍ കയറിയ കടയുടെ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയാറാക്കിയത്. ഇത് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും എത്തിക്കും. രണ്ട് പേരാണ് കടയില്‍ സാധനം വാങ്ങാന്‍ വന്നത്. രേഖാചിത്രത്തിലുണ്ടായിരുന്ന ആളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ മുഖം മറച്ചിരുന്നു.

തിങ്കളാഴ്ച രാത്രി പത്തോടെ പള്ളിക്കലിലുള്ള പെട്രോള്‍ പമ്പിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കരുതുന്ന കാര്‍ ഇന്ധനമടിക്കാന്‍ വന്നുവെന്നും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അതിലുണ്ടായിരുന്നുവെന്നും പെട്രോള്‍ പമ്പ് ഉടമ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. കാറിലുണ്ടായിരുന്നവരെ കാണാന്‍ രണ്ട് ബൈക്കുകളിലായി രണ്ട് യുവാക്കള്‍ എത്തിയെന്നും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ കുറച്ച്‌ ദൂരം കാറിന് പിന്നാലെ സഞ്ചരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശേഷം കാര്‍ എങ്ങോട്ട് പോയി എന്നതില്‍ വിവരം ലഭിച്ചിട്ടില്ല.

പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് ഇവരെ കണ്ട് സംശയം തോന്നി പമ്പ് ഉടമയോട് കാര്യങ്ങള്‍ പറഞ്ഞത്. ഈ സമയമായപ്പോഴേക്കും കുട്ടിയെ തട്ടിക്കൊണ്ട് പോയ വാര്‍ത്തയും കാറിന്‍റെ ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമത്തിലടക്കം പങ്കുവെക്കപ്പെട്ടിരുന്നു. ഇന്ധനം അടിച്ചതിന്‍റെ പണം പേടിഎമ്മിലൂടെ അവര്‍ ഇട്ടുവെന്നും അദ്ദേഹം പറയുന്നു.

ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയേയാണ് വൈകിട്ടോടെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച്‌ വെള്ള നിറത്തിലുള്ള കാറില്‍ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സഹോദരൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്ബോഴായിരുന്നു സംഭവം. കാറില്‍ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ ഈ വണ്ടി പരിസരത്തുണ്ടായിരുന്നതായി സഹോദരൻ പറഞ്ഞു. കാറിലെത്തിയ സംഘം പേപ്പര്‍ കയ്യില്‍ തന്ന് ജോണ്‍സന്റെ മകനാണോ എന്ന് ചോദിച്ചതായും കുട്ടിയുടെ സഹോദരൻ പറയുന്നു. കുട്ടിയെ കണ്ടെത്താനായി പൊലീസ് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം, കന്യാകുമാരി ഹൈവേ റോഡില്‍ അതിര്‍ത്തിയായ ഇഞ്ചി വിളയില്‍ പാറശ്ശാല പോലീസിന്റെ പരിശോധന നടക്കുന്നുണ്ട്.

കുട്ടിയുടെ മോചനത്തിനായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നിരുന്നു. ഈ ഫോണ്‍ നമ്ബര്‍ കന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടയില്‍ കൂടുതല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ കോള്‍ വന്നതായാണ് വിവരം. പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് സൂചന. പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണില്‍ നിന്നാണ് ആദ്യ കോള്‍ ലഭിച്ചത്. ഒരു പുരുഷനും സ്ത്രീയും എത്തി കോള്‍ ചെയ്യാനായി ഫോണ്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യാപാരി അറിയിച്ചിട്ടുണ്ട്.

അതേസമയം, കുടുംബത്തോട് വിരോധമുള്ളവര്‍ ആരോ ആകാം കുട്ടിയെ തട്ടികൊണ്ട് പോയതെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ പ്രതികരിച്ചു.