കൊല്ലം: ഓയൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ മുമ്ബും ആ പരിസരത്ത് കണ്ടിട്ടുണ്ടെന്ന് അഭികേല്‍ സാറയുടെ എട്ട് വയസുകാരന് സഹോദരന് പറഞ്ഞു. രണ്ട് മൂന്ന് ദിവസമായി ട്യൂഷന് പോകുന്ന സമയത്ത് ഈ കാര്‍ വീടിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്നതായി കാണാറുണ്ടായിരുന്നുവെന്ന് സഹോദരന് പറയുന്നു.
കാര്‍ ഓടിച്ചിരുന്നത് പുരുഷനാണ്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കുട്ടികള്‍ ഉച്ചത്തില്‍ നിലവിളിച്ചു. സഹോദനെയും വലിച്ചെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കാല് റോഡില്‍ ഉരഞ്ഞ് മുറിവുണ്ടായി. തള്ളിയപ്പോള്‍ കുട്ടി റോഡില്‍ വീഴുകയും ചെയ്തു. ഈ സമയത്താണ് പെണ്‍കുട്ടിയെ കാറില്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഓടിയെത്തിയ കുട്ടി അയല്പക്കത്തുള്ള വീട്ടിലെത്തിയാണ് വിവരം അറിയിച്ചത്.
ഒരു പേപ്പര്‍ കാണിച്ച് അമ്മയുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞ് അടുത്തേക്ക് വിളിച്ചു. അടുത്തേക്ക് എത്തിയപ്പോള്‍ കുട്ടിയെ കാറിനുള്ളിലേക്ക് വലിച്ചിടുകയായിരുന്നു. ആണ്‍കുട്ടി പേപ്പര്‍ വാങ്ങിയില്ലെങ്കിലും അടുത്തേക്ക് ചെന്ന പെണ്‍കുട്ടിയെ കാറിനകത്തു നിന്നുള്ളവര്‍ അകത്തേക്ക് വലിച്ചിട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സഹോദരന് പറയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയേയാണ് കൊണ്ടുപോയത്. പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരഭിച്ചു. ഇതിനിടയില്‍ കുട്ടിയുടെ മോചനത്തിനായി 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍ സന്ദേശം ലഭിച്ചു. സ്ത്രീയാണ് ഫോണില്‍ സംസാരിച്ചത്. കുട്ടി സുരക്ഷിതയാണെന്നും പണം നല്കിയാല് കുഞ്ഞിനെ തിരികെ നല്‍കുമെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞത്.
കാറിന്റെ നമ്ബര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഓയൂര്‍ പൂയപ്പള്ളി മരുത മണ്‍പള്ളിയില്‍ സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരികയായിരുന്നു കുട്ടി. പിന്നാലെ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ച് കാറില്‍ കയറ്റുകയായിരുന്നു. സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ കാര്‍ ഓടിച്ചുപോകുകയായിരുന്നു. നാട്ടുകാരാണ് പൂയപ്പള്ളി പൊലീസില്‍ വിവരം അറിയിച്ചത്.