സര്‍വ്വകലാശാലകളും കോളേജുകളും ഉള്‍പ്പെടെ ഭാവിയില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ കുസാറ്റില്‍ ഉണ്ടായതു പോലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന്, നിലവിലുള്ള മാര്‍ഗ്ഗരേഖ കാലോചിതമായി പുതുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കുസാറ്റ് അപകടത്തിനു ശേഷം തുടര്‍ന്നുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ചേര്‍ന്ന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനൊപ്പം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ്, കുസാറ്റ് വി.സി ഡോ.പി.ജി.ശങ്കരൻ, ജില്ലാ കളക്ടര്‍ എൻ.എസ്. കെ ഉമേഷ് എന്നിവര്‍ പങ്കെടുത്തു. സര്‍വ്വകലാശാലകളും കോളേജുകളും ഉള്‍പ്പെടെ ഭാവിയില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന്, നിലവിലുള്ള മാര്‍ഗ്ഗരേഖ കാലോചിതമായി പുതുക്കാൻ ആലോചിക്കുന്നുണ്ട്.
എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍, വലിയ ആള്‍ക്കൂട്ടമുള്ള വേദികള്‍ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് പരിഷ്കരിക്കും. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പരിശീലിപ്പിക്കാനും പദ്ധതി തയ്യാറാക്കും. കുസാറ്റ് സംഭവത്തെക്കുറിച്ച് സര്‍വ്വകലാശാല സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ആലോചിക്കാനും യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.