കുസാറ്റിലുണ്ടായ അപകടം ഉന്നതവിദ്യാഭ്യാസ വകുപ്പും പോലീസും അന്വേഷിക്കും

കുസാറ്റിലുണ്ടായ അപകടം ഉന്നതവിദ്യാഭ്യാസ വകുപ്പും പോലീസും അന്വേഷിക്കും
alternatetext

കൊച്ചി: കുസാറ്റിലുണ്ടായ അപകടം ഉന്നതവിദ്യാഭ്യാസ വകുപ്പും പോലീസും അന്വേഷിക്കുമെന്ന് കൊച്ചിയിലെത്തിയ മന്ത്രിമാരായ ആര്‍. ബിന്ദുവും പി.രാജീവും. അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ നവകേരള സദസ്സിനിടെ കൊച്ചിയിലേക്ക് തിരിച്ചിരുന്നു. കേരളത്തില്‍ ഒരിടത്തും പ്രതീക്ഷിക്കാത്ത സംഭവമാണ് കുസാറ്റിലുണ്ടായത്.

നാലു കുട്ടികളെയാണ് നഷ്ടപ്പെട്ടത്. ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആസ്റ്റര്‍ മെഡിസിറ്റിയിലെ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. എല്ലാവിധത്തിലുള്ള ചികിത്സാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.- മന്ത്രി പി. രാജീവ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാൻ കുസാറ്റ് വൈസ്ചാൻസലറോടും ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാഥമിക റിപ്പോര്‍ട്ട് വിസി നല്‍കി കഴിഞ്ഞു. ഞായറാഴ്ചയോടെ സമ്ബൂര്‍ണ റിപ്പോര്‍ട്ട് അവര്‍ നല്‍കും. കുട്ടികളുടെ മുഴുവൻ ചികിത്സ ചെലവും സര്‍വകലാശാല വഹിക്കും. ഇനിമേലില്‍ ഇത്തരത്തിലൊരു അപകടമുണ്ടാകാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉന്നതവിദ്യഭ്യാസ വകുപ്പ് നല്‍കും. – മന്ത്രി ആര്‍ ബിന്ദു പറഞ്ഞു

പോലീസിന്റെ നേതൃത്വത്തിലുള്‍പ്പടെ സമഗ്രമായ അന്വേഷണം അപകടവുമായി ബന്ധപ്പെട്ട് നടത്തും. എങ്ങനെയാണ് സംഭവിച്ചതെന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായോയെന്നും സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള ആളുകള്‍ ക്യാമ്ബസിലെത്തുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നുമുള്‍പ്പടെയുള്ളവ പരിശോധിക്കും. ഇത്തരത്തില്‍ ആള്‍ക്കൂട്ടമുള്ള പരിപാടികള്‍ നടക്കുമ്ബോള്‍ നിര്‍ബന്ധമായും മുൻകരുതലുകള്‍ നല്‍കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

എല്ലാ തരത്തിലുള്ള ഇടപെടലുകളും പോലീസും ആരോഗ്യവകുപ്പും സര്‍വകലാശാലയും നടത്തിയിട്ടുണ്ട്. ഒരു തരത്തിലും ചികിത്സ വൈകുന്ന സാഹചര്യം ഉണ്ടാകില്ല. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്തും. 9 മണി കഴിഞ്ഞാല്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ക്യാമ്ബസില്‍ പൊതുദര്‍ശനത്തിനു ശേഷം നാട്ടിലേക്ക് അയക്കും.- പി. രാജീവ് കൂട്ടിച്ചേര്‍ത്തു.