വടക്കൻ ചൈനയിലെ കുട്ടികളില്‍ പടര്‍ന്നുപിടിക്കുന്ന ശ്വാസകോശ രോഗത്തെക്കുറിച്ച് സസൂക്ഷമം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത എവിയൻ ഇൻഫ്ളൂവൻസയും കുട്ടികളില്‍ പടരുന്ന എച്ച്9എൻ2 ശ്വാസകോശ രോഗവും ഇന്ത്യയില്‍ പടരുന്നതിനുള്ള സാധ്യത കുറവാണെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഏതു സാഹചര്യത്തെ നേരിടാനും രാജ്യം സജ്ജമാണെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞമാസം പകുതിയോടെയാണു ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് നഗരപരിധിയിലും ലിയാവൊനിംഗ് പ്രവിശ്യയിലും രോഗം കണ്ടെത്തിയത്. ശ്വാസതടസവും പനിയും ഉള്‍പ്പെടെയാണു ലക്ഷണങ്ങള്‍. മുൻകരുതലെന്ന നിലയില്‍ മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ലോകാരോഗ്യസംഘടന ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തരമായി മുൻകരുതല്‍ നടപടി സ്വീകരിക്കണമെന്നും രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നും ലോകാരോഗ്യസംഘടന ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.