കോഴിക്കോട്: തൊഴിലുറപ്പു പദ്ധതി സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സുമായി ബന്ധപ്പെട്ട് വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സമ്ബൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് 2023-24 സാമ്ബത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കണക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരളം 99.5 % പഞ്ചായത്തുകളുടെയും സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി.
നവംബര്‍ 10 വരെയുള്ള കണക്കനുസരിച്ച് രണ്ടാം സ്ഥാനത്തുള്ള ബിഹാറിനു 64.4%വും മൂന്നാം സ്ഥാനത്തുള്ള ജമ്മു ആന്റ് കശ്മീരിനു 64.1% വും നാലാമതുള്ള ഒഡീഷയ്ക്ക് 60.42% വും മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കേരളത്തിന് പുറമേ മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് 60%ത്തിലധികം പുരോഗതി കൈവരിച്ചിട്ടുള്ളത്. ഗ്രാമസഭകളുടെ സോഷ്യല്‍ ഓഡിറ്റ് കര്‍ക്കശമായി നടത്തുക മാത്രമല്ല, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, വനിതാ സ്വയം സഹായ സംഘങ്ങള്‍, വില്ലേജ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരുടേയും പങ്കാളിത്തം ഈ പബ്ലിക് ഹിയറിംഗ് യോഗങ്ങളില്‍ ഉറപ്പു വരുത്താന്‍ കേരളത്തിന് സാധിച്ചു. 2023-24 വര്‍ഷത്തില്‍ ആദ്യ പാദത്തില്‍ നടന്ന സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളില്‍ 8,52,245 പേരാണ് പങ്കെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ഡ് തല ഗ്രാമസഭകള്‍ നടത്തുന്നതിനുപുറമെ, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പൊതുജന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ പബ്ലിക് ഹിയറിംഗുകളും (ജനകീയ സഭകള്‍) നടത്തുന്ന ഏക സംസ്ഥാനമാണിത്. മറ്റ് സംസ്ഥാനങ്ങളില്‍, ബ്ലോക്ക് തലത്തില്‍ മാത്രമാണ് ഇത്തരം പൊതു സൂക്ഷ്മപരിശോധന നടത്തുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ നടന്ന സോഷ്യല്‍ ഓഡിറ്റ് പബ്‌ളിക് ഹിയറിംഗുകളില്‍ പങ്കെടുത്തത് 1,05,004 പേരാണ്. ഏതു ഡ്രോണ്‍ പറത്തി നിരീക്ഷിച്ചാലും അതിനും മേലെയാണ് കേരളം നില്‍ക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന മിഡ് ടേം റിവ്യൂ മീറ്റിങ്ങിലും, കേരളത്തിന്റെ ലേബര്‍ ബഡ്ജറ്റ് പുതുക്കുന്നതിനുള്ള എംപവേര്‍ഡ് കമ്മിറ്റി മീറ്റിങ്ങിലും തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ ഘടകങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നല്ലരീതിയില്‍ അഭിനന്ദിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടയിലാണ് കേരളം ഇക്കാര്യത്തില്‍ മികച്ച നേട്ടം കൈവരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും തൊഴില്‍ ദിനങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 2020-21 ല്‍ കേരളത്തിനു 10 കോടിയോളം തൊഴില്‍ ദിനങ്ങള്‍ ആയിരുന്നു അനുവദിച്ചതെങ്കില്‍ 2023-24ല്‍ അത് 6 കോടിയാക്കി ചുരുക്കി.
എന്നാല്‍ അവ ഈ സമയത്തിനുള്ളില്‍ തന്നെ തീര്‍ത്ത് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നു 6 കോടിയെന്നത് 8 കോടിയായി വര്‍ദ്ധിപ്പിച്ചു തരികയുണ്ടായി. തൊഴിലുറപ്പു പദ്ധതിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായുള്ള കേന്ദ്ര ബജറ്റ് വിഹിതത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2020-21 ല്‍ 1,12,000 കോടി രൂപയായിരുന്നു തൊഴിലുറപ്പ് പദ്ധതിക്കായി വിനിയോഗിച്ചതെങ്കില്‍ 2023-24ല്‍ അത് 60,000 കോടി രൂപയായി കുറച്ചു.
കേന്ദ്രം എത്രയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ആകാവുന്നതെല്ലാം ചെയ്തു തൊഴിലുറപ്പു പദ്ധതിയെ മുന്നോട്ടു കൊണ്ടുപോവുകയാണ്. ദേശീയ തലത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിനു ശരാശരി 50 തൊഴില്‍ ദിനങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ കേരളത്തില്‍ 64 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചു. നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ ശരാശരി ദേശീയ തലത്തില്‍ 8 ശതമാനമാണ്. കേരളത്തില്‍ അത് 31 ശതമാനമാണ്. പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ തൊഴില്‍ ദിനങ്ങളുടെ ദേശീയ ശരാശരി 57 ആണെങ്കില്‍ കേരളത്തിന്റേത് 86 ആണ്.
സംസ്ഥാന ഖജനാവില്‍ നിന്ന് പണം വിനിയോഗിച്ച് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 100 അധിക തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അതിനു പുറമേ, തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുന്ന തൊഴിലാളികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ഷേമനിധിയ്ക്ക് കേരള സര്‍ക്കാരാണ് തുടക്കം കുറിച്ചത്. കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്ന പദ്ധതിയെ സംരക്ഷിച്ച് പരമാവധിയാളുകള്‍ക്ക് തൊഴിലും സുരക്ഷയും ഉറപ്പു വരുത്തുകയാണ് കേരളം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിലേക്ക് ജനങ്ങള്‍ പ്രവഹിക്കുന്നത് എന്തെങ്കിലും നിര്‍ബന്ധത്തിന്റെ ഫലമായിട്ടല്ലെന്നും ഇത്തരം കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞുകൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വടകര നാരായണ നഗരം ഗ്രൗണ്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാരും പങ്കെടുത്തു.