കേന്ദ്രം ആവശ്യപ്പെട്ട ബ്രാന്‍ഡിങ് നിര്‍ദേശങ്ങള്‍ 99 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടും ദേശീയാരോഗ്യമിഷനില്‍നിന്നുള്ള സഹായധനം കേന്ദ്രസര്‍ക്കാര്‍ തരുന്നില്ലെന്ന് കേരളം. സംസ്ഥാന ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് കേന്ദ്രാവിഷ്കൃതപദ്ധതിയായ ദേശീയാരോഗ്യമിഷനില്‍നിന്ന് വര്‍ഷാവര്‍ഷം സഹായധനം അനുവദിക്കുന്നത്.
ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള മൂന്നുമാസങ്ങളിലേക്കായി 92.8 കോടി രൂപയാണ് കിട്ടേണ്ടത്. കേന്ദ്രം പറഞ്ഞ ബ്രാന്‍ഡിങ് പൂര്‍ത്തിയാക്കി അപ്‌ലോഡ് ചെയ്ത് കേന്ദ്രത്തിന് കൈമാറിയിട്ടും അനക്കമില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പരാതി.
60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവും ചേര്‍ത്താണ് സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും സബ്‌സെന്ററുകളുമുള്‍പ്പെടെ നവീകരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ 40 ശതമാനം വിഹിതമായ 50 കോടി രൂപ കൈമാറി കാത്തിരിക്കുകയാണ് കേരളം.