ടൂറിസ്റ്റ് ബസുകളില്‍ നിന്ന് അതിര്‍ത്തി നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി

ടൂറിസ്റ്റ് ബസുകളില്‍ നിന്ന് അതിര്‍ത്തി നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി
alternatetext

ന്യൂഡല്‍ഹി : അഖിലേന്ത്യാ പെര്‍മിറ്റുളള ടൂറിസ്റ്റ് ബസുകളില്‍ നിന്ന് അതിര്‍ത്തി നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി. സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ സമ്ബാദിച്ചവരുടെ കാര്യത്തിലാണിത്. റോബിൻ ബസ് ഉടമ അടക്കമാണ് ഹര്‍ജിക്കാര്‍. അതിര്‍ത്തി നികുതി ഈടാക്കുന്നത് വിലക്കിയ കോടതി ഉത്തരവ് കേരളം, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങള്‍ മാനിക്കുന്നില്ലെന്ന് ബസുടമകള്‍ ഇന്നലെ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.

സ്റ്റേ ഉത്തരവ് നിലനില്‍ക്കെ ഇതെങ്ങനെ സാദ്ധ്യമാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിനെ പുലര്‍ച്ചെ 03.45ന് തടഞ്ഞു നിറുത്തി കുട്ടികളെയും സ്ത്രീകളെയും പുറത്തിറക്കിയത് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ബസുടമകളെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്. കേരളത്തില്‍ ഓരോ നൂറു കിലോമീറ്ററിലും പിഴ ഈടാക്കുന്നുവെന്നും വാദിച്ചു.

സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യനടപടിയിലേക്ക് കടക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ അതിര്‍ത്തി നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്നാടും ഉറപ്പു നല്‍കുകയായിരുന്നു. തമിഴ്നാട് മാപ്പ് പറഞ്ഞു. ശ്രദ്ധിച്ചോളാമെന്ന് കേരളം അറിയിച്ചു. കോടതിയലക്ഷ്യഹര്‍ജിയില്‍ തമിഴ്നാട് സര്‍ക്കാരിന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.

അഖിലേന്ത്യാ ടൂറിസ്റ്റ് വെഹിക്കിള്‍സ് പെര്‍മിറ്റ് ചട്ടങ്ങള്‍ മറി കടന്ന് സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് അതിര്‍ത്തി നികുതി പിരിക്കുന്നുവെന്നണ് ഉടമകളുടെ പരാതി. വിഷയം ജനുവരി പത്തിന് വീണ്ടും പരിഗണിക്കും.