കോട്ടയം: പാലാ ആസ്ഥാനമായുള്ള ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയുടെയും, പാലാ ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം ഗവൺമെൻറ് നേഴ്സിങ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കേശദാന ക്യാമ്പിൽ കോട്ടയം ഡെപ്യൂട്ടി കളക്ടർ ജി.നിർമൽ കുമാറിനൊപ്പം കോതമംഗലം കോഴിപ്പിള്ളി മർത്താ മറിയം പബ്ലിക് സ്കൂളിലെ വിദ്യാർഥിനികളായ ബാലഭദ്രയും, ദേവസേനയും ആണ് ഉദ്ഘാടകരായി വേദിയിൽ എത്തിയത്.
ചടങ്ങിൽ ഭദ്രദീപം തെളിച്ച് കളക്ടർക്കൊപ്പം വേദി പങ്കിട്ട ഇരുവരും, പാലാ ഗവൺമെൻറ് ആശുപത്രിയിലെ ക്യാൻസർ രോഗികൾക്ക് ആയി നിർമ്മിച്ചു നൽകുന്ന വിഗ്ഗിന് വേണ്ടിയുള്ള കേശദാന ക്യാമ്പിൽ മുടി മുറിച്ച് നൽകി മാതൃകയാവുകയും ചെയ്തു. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ബാലഭദ്ര.ബി.നായരും, നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവസേന.ബി.നായരും രണ്ടാംവട്ടമാണ് ക്യാൻസർ പേഷ്യൻസിനു വേണ്ടിയുള്ള ഹെയർ ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്ത് മുടി ഡൊണേറ്റ് ചെയ്യുന്നത്.
ചടങ്ങിന്റെ ഉദ്ഘാടകനായ ഡെപ്യൂട്ടി കളക്ടറും, പാലാ ജനറൽ ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം ഡോക്ടർ ശബരിനാഥും ഇരുവരെയും പ്രത്യേകം അഭിനന്ദിച്ചു. പാലാ ആസ്ഥാനമായുള്ള ഹെയർ ഫോർ യു ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറുമാസങ്ങൾക്ക് ശേഷമുള്ള രണ്ടാമത്തെ കേശദാന ക്യാമ്പ് ആയിരുന്നു നിലവിൽ നടന്നത്. കേശദാന ക്യാമ്പിൽ നഴ്സിംഗ് വിദ്യാർത്ഥിനികളടക്കം 31പേർ പങ്കെടുത്തു.