കൊച്ചി: കെഎസ്‌ആര്‍ട്ടിസി കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയെ പേനകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചെന്ന് പരാതി. എറണാകുളം പെരുമ്ബാവൂരിലാണ് സംഭവം. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പെരുമ്ബാവൂര്‍ പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍ സാബിത്തിനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയുടെ ഇടതു കണ്‍പോളയിലും പുരികങ്ങള്‍ക്ക് ഇടയിലുമാണ് പരിക്കേറ്റിട്ടുള്ളത്. ആലുവ – മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ കീഴില്ലം സ്വദേശി വിമലിനെതിരെയാണ് പരാതി.
രാവിലെ സ്കൂളില്‍ പോകുന്നതിനായി മറ്റ് കുട്ടികളോടൊപ്പം യാത്ര ചെയ്ത അല്‍സാബിത്തിനോട് സ്കൂള്‍ബാഗ് ബര്‍ത്തില്‍ വയ്ക്കാൻ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ബര്‍ത്തില്‍ സ്ഥലമില്ല എന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞ കണ്ടക്ടര്‍, പേന ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഉടൻതന്നെ വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും പ്രതിഷേധിച്ചതോടെ ഡ്രൈവര്‍, ബസ് കെഎസ്‌ആര്‍ടിസി ഡിപ്പോയിലേക്ക് കയറ്റുകയായിരുന്നു. ഇവിടെ നിന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങിയ കണ്ടക്ടര്‍ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് കയറുകയും ചെയ്തു.
നാട്ടുകാരും വിവരമറിഞ്ഞത്തിയ കുട്ടികളുടെ രക്ഷിതാക്കളും കണ്ടക്ടര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ പെരുമ്ബാവൂര്‍ പോലീസും വിഷയത്തില്‍ ഇടപെട്ടു. വിദ്യാര്‍ഥിയെ പിന്നീട് പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ പോലീസിലും, ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയതായി വിദ്യാര്‍ത്ഥിയും രക്ഷാകര്‍ത്താക്കളും പറഞ്ഞു.ഇതെ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഇതിനു മുൻപും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സംഭവത്തില്‍ കണ്ടക്ടര്‍ വിമലിനെതിരെ കേസെടുത്തതായി പെരുമ്ബാവൂര്‍ പോലീസ് അറിയിച്ചു.