കൊച്ചി: ആലപ്പുഴ വഴിയുള്ള യാത്രക്കാരോടുള്ള അവഗണനക്കും തുടര്‍ച്ചയായി ആവശ്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന റെയില്‍വേ നിലപാടുകള്‍ക്കും എതിരെ നാളെ ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് യാത്രക്കാര്‍ വാ മൂടിക്കെട്ടി യാത്രചെയ്യുന്നു. ആലപ്പുഴയില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ യാത്ര എ.എം ആരിഫ് എം.പി ഉദ്ഘാടനം നിവഹിക്കും. ശേഷം മെമുവിലെ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.
അനിയന്ത്രിതമായ മെമുവിലെ തിരക്കും വന്ദേഭാരത് മൂലം പിടിച്ചിടുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതവും അനിശ്ചിതാവസ്ഥയിലായ ഇരട്ടപ്പാതയുമടക്കം നിരവധി പ്രശ്നങ്ങള്‍ തീരദേശപാതയെ അലട്ടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കുന്ന റെയില്‍വേയുടെ സമീപനങ്ങളാണ് പ്രതിഷേധതിലേക്ക് നയിച്ചത്. നിലവിലെ സമയക്രമത്തില്‍ കായംകുളം പാസഞ്ചര്‍ പിന്നിടുന്ന സ്റ്റേഷനുകളില്‍ നിന്ന് പ്രാദേശിക ബസ് സര്‍വീസുകള്‍ ലഭിക്കാതെ വരികയും മറ്റു മാര്‍ഗ്ഗമില്ലാതെ സ്ത്രീകള്‍ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യവുമാണ് സംജാതമായിരിക്കുന്നത്.
റെയില്‍വേയുടെ ഈ നിലപാട് മൂലം സാധാരണക്കാരന്റെ അന്നം മുടക്കുകയാണ് ഇന്ന് വന്ദേഭാരത്. നിരവധി വിദ്യാര്‍ത്ഥികളുടെ യാത്ര ഇന്ന് ആശങ്കയിലാണ്. രാത്രി വളരെ വൈകി സ്റ്റേഷനുകളില്‍ ഇറങ്ങേണ്ടി വരുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വവും ഭീഷണിയിലാണ്. വന്ദേഭാരതിന് വേണ്ടി മാറ്റിക്രമീകരിച്ച വൈകുന്നേരത്തെ കായംകുളം പാസഞ്ചറിന്റെ പഴയ സമയക്രമമായ ആറുമണിയിലേക്ക് തന്നെ ആത്യന്തികമായി പുനസ്ഥാപിക്കണമെന്നും യാത്രാക്ലേശം പരിഹരിക്കുന്നതിന് രാവിലെയും വൈകുന്നേരവും ഒരു മെമു സര്‍വീസ് കൂടി പരിഗണിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. എറണാളത്ത് അവസാനിക്കുന്ന പ്രതിഷേധയാത്രയെ ജംഗ്ഷനില്‍ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം എം.എ ആരിഫ് എം.പി യാത്രക്കാരുടെ പരാതി രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് സെക്രട്ടറി അറിയിച്ചു.