ഇടുക്കി: പെൻഷൻ മുടങ്ങി ജീവിതച്ചെലവുകൾ താളം തെറ്റിയതോടെ ഭിക്ഷ യാചിക്കാനിറങ്ങിയ രണ്ടു വൃദ്ധകളായ അമ്മമാരിൽ ഒരാളായ മറിയക്കുട്ടിക്കെതിരെ പാര്‍ട്ടി അനുയായികളും പാര്‍ട്ടിപത്രവും സൈബര്‍ ഗുണ്ടകളും വളഞ്ഞിട്ട് ആക്രമിച്ചിട്ടും എണ്‍പത്തേഴുകാരിയായ മറിയക്കുട്ടി ഒരടി പിന്നോട്ടുപോയില്ല. . അവർക്ക് ലക്ഷങ്ങളുടെ ആസ്തിയും, ഏക്കറുകണക്കിന് സ്ഥലവും, ജോലിയുള്ള മക്കളുമെല്ലാം ഉണ്ടെന്നാണ് ഇടതുപക്ഷ സൈബർ പോരാളികളുടെ കണ്ടെത്തൽ. തനിക്കെതിരെ നടക്കുന്ന അപവാദപ്രചരണങ്ങളെ വേദനയോടെ നിഷേധിച്ചുകൊണ്ടു തനിക്കുള്ള ലക്ഷങ്ങളുടെ ആസ്തി പ്രചരണം തെളിയിക്കാൻ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
മറിയക്കുട്ടിക്ക് രണ്ട് വീടുണ്ടെന്നും അതിലൊന്ന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നുമായിരുന്നു മറിയക്കുട്ടിക്കെതിരേ സി.പി.എം. ഉന്നയിച്ച ആരോപണങ്ങള്‍. ഇവര്‍ക്ക് ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും മകള്‍ വിദേശത്താണെന്നുള്ള പ്രചാരണവും ഉണ്ടായി.വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ തലയുയര്‍ത്തി പോരാടി. ഒടുവില്‍ പാര്‍ട്ടിപ്പത്രത്തിന് മാപ്പുപറയേണ്ടി വന്നു. എന്നാല്‍, ആ മാപ്പ് സ്വീകരിക്കാൻ മറിയക്കുട്ടി തയ്യാറല്ല. മാപ്പങ്ങ് കോടതിയില്‍ പറഞ്ഞാല്‍ മതിയെന്നാണ് അടിമാലി ഇരുനൂറേക്കര്‍ പൊന്നുരുത്തുപാറ വീട്ടില്‍ മറിയക്കുട്ടിയുടെ നിലപാട്.
കല്ലാര്‍കുട്ടി പാലത്തിലെയും പനംകുട്ടി പവര്‍ ഹൗസിലെയും കല്ലുകള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില് അവര്‍ എന്റെ കഥ പറയുമായിരുന്നു. ഞാൻ ആകാശത്തുനിന്ന് പൊട്ടിവീണ ആളല്ല. പന്ത്രണ്ടാംവയസ്സില്‍ അച്ഛനമ്മമാര്‍ക്കൊപ്പമാണ് ഇരുനൂറേക്കറില്‍ എത്തിയത്. ഇടുക്കിയിലെ മണ്ണില്‍ ചോര നീരാക്കി പണിയെടുത്ത് വളര്‍ന്നവളാണ്. കല്ലാര്‍കുട്ടി പാലത്തിന്റെയും പനംകുട്ടി പവര്‍ ഹൗസിന്റെയും പണികള്‍ക്കായി കല്ലുചുമന്നാണ് മക്കളെ വളര്‍ത്തിയത്.
‘തിരിച്ചടികളില്‍ ഒന്നും തളര്‍ന്ന് പോകുന്ന ആളല്ല ഞാൻ. അൻപത്തൊന്നാം വയസ്സില്‍ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു പോയിട്ടും ഞാൻ ജീവിച്ചു. 62-ാം വയസ്സില്‍ തിമിരം പിടിച്ച് രണ്ട് കണ്ണിന്റെയും കാഴ്ച പോയി. കൂലിപ്പണിയെടുക്കാൻ പറ്റാത്ത അവസ്ഥയായി. ശസ്ത്രക്രിയയ്ക്കുശേഷം കാഴ്ച കിട്ടി. എങ്കിലും ഭാരിച്ച പണികളെടുക്കാനുള്ള ആരോഗ്യമൊക്കെ പോയി. പെൻഷനും മക്കളുടെ സഹായവും കൊണ്ടാണ് ജീവിച്ചത്. എഴുപത്തിയഞ്ചാം വയസ്സിലാണ് വലിയൊരു അടിപറ്റിയത്. തെങ്ങില്‍നിന്ന് ഓലമടല്വീണ് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. മൂക്കിനേറ്റ മുറിവില്‍ അണുബാധയുണ്ടായിരുന്നു. രണ്ട് വര്‍ഷത്തോളം വയ്യാതെ കിടന്നു. ഇപ്പോഴും കാലിന് പ്രശ്നമുണ്ട്. എന്നിട്ടും ഞാൻ പോരാടുന്നില്ലേ.
‘അഞ്ചുമാസമായി ക്ഷേമപെൻഷൻ കിട്ടിയിട്ട്. മരുന്നുപോലും വാങ്ങാൻ പറ്റാതെ ജീവിതം വഴിമുട്ടിയപ്പോഴാണ് ഞാനും കൂട്ടുകാരി അന്ന ഔസേഫും പിച്ചച്ചട്ടിയുമായി തെരുവില്‍ ഇറങ്ങിയത്. അതിൻറെ പേരിലാണ് സി.പി.എം. ആക്രമണം. എന്റെ സത്യസന്ധത തെളിയിക്കുന്നതിനായാണ് മന്നാംകണ്ടം വില്ലേജില്‍ അപേക്ഷ നല്‍കിയത്. എന്റെ പേരിലുള്ള ഭൂമി കണ്ടെത്തി സാക്ഷ്യപത്രം നല്‍കണമെന്നായിരുന്നു ആവശ്യം. പ്രതീക്ഷിച്ചപോലെ എൻറെ പേരില്‍ ഭൂമിയൊന്നും ഇല്ലെന്ന് അവര്‍ കണ്ടെത്തി. സാക്ഷ്യപത്രവും നല്കി. ഇതോടെയാണ് പാര്‍ട്ടി പത്രം മാപ്പു പറഞ്ഞത്. പക്ഷേ, നിയമ നടപടികളുമായി മുന്നോട്ടുപോകും. അടിമാലി സ്വദേശിയായ അഭിഭാഷകൻ സഹായിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
അനീതി കണ്ടാല്‍ ഞാൻ എതിര്‍ക്കും. പലവട്ടം കോടതി കയറിയിറങ്ങിയിട്ടുണ്ട്. അവിടെയെല്ലാം ധൈര്യപൂര്‍വം കാര്യങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. അതിനാലാണ് അടുപ്പമുള്ളവര്‍ ‘മജിസ്ട്രേറ്റ് മറിയക്കുട്ടി’ എന്ന് വിളിക്കുന്നത്. പണ്ട് അന്നക്കുട്ടിയുടെ (അന്ന ഔസേഫ്) സ്ഥലത്തെ അതിര്‍ത്തിപ്രശ്നം പരിഹരിക്കാൻ കോടതിയില്‍ പോയത് ഞാൻ മുൻകൈയെടുത്താണ്. മറ്റൊരിക്കല്‍ ഒരു മതില് പൊളിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം. നേതാവ് ഒരു യുവാവിനെ തല്ലി. യുവാവിനുവേണ്ടി സാക്ഷിപറഞ്ഞതും ഞാനാണ്. 2007-ലാണ് സംഭവം നടന്നതെന്നാണ് ഓര്മ. മറ്റൊരു അടിപിടിക്കേസിലും സി.പി.എമ്മിന് എതിരേ സാക്ഷി പറഞ്ഞിട്ടുണ്ട്. അതാണ് സി.പി.എമ്മുകാര്‍ക്ക് എന്നോടുള്ള വൈരാഗ്യം.
നിരാലംബയായ എനിക്ക് ബി.പി.എല്‍. റേഷൻ കാര്‍ഡ് കിട്ടാൻ തടസ്സം നിന്നവരാണ് സി.പി.എമ്മുകാര്‍. ഇപ്പോള്‍ വീടിന് നേരെ കല്ലെറിഞ്ഞു. ഫോണ്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. പെൻഷൻ ലഭിക്കാൻ കേന്ദ്രത്തില്‍ പോയി സമരം ചെയ്യണമെന്ന് പറഞ്ഞാണ് ഭീഷണി. എന്നാല്‍, താൻ കേരളത്തിലാണ് ജീവിക്കുന്നത്. എനിക്ക് കേരള മുഖ്യമന്ത്രി നീതി നടത്തിത്തരണം.
അഞ്ച് സെന്റും തകരഷീറ്റിട്ട വീടും നാല് പെണ്മക്കളാണ് എനിക്കുള്ളത്. എല്ലാവരും തുച്ഛ വരുമാനക്കാരാണ്. മൂത്തമകള്‍ സാലി ഡല്‍ഹിയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുകയാണ്. ഈ മകളാണ് വിദേശത്ത് ഉയര്‍ന്ന ശമ്ബളത്തില്‍ ജോലി ചെയ്യുന്നുവെന്ന് പാര്‍ട്ടിപത്രം വാര്‍ത്ത കൊടുത്തത്. മറ്റൊരു മകള്‍ ശാന്തമ്മ വയനാട് പനമരം എന്ന സ്ഥലത്താണ് താമസം. തൊഴിലുറപ്പ് ജോലിയല്ലാതെ മറ്റ് വരുമാനവും അവര്‍ക്കില്ല. മൂന്നാമത്തെ മകള്‍ ജാൻസി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ഇവര്‍ ആയിരമേക്കറിലാണ് താമസിക്കുന്നത്. അടിമാലി ബസ് സ്റ്റാൻഡില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ഇളയമകള്‍ പ്രിൻസിയുടെ പേരിലുള്ള ഇരുനൂറേക്കറിലെ വീട്ടിലാണ് താമസിക്കുന്നത്.
ഇത്രയും സാമ്ബത്തിക പരാധീനതകളുള്ള ഞങ്ങള്‍ക്ക് വൻ ബാങ്ക് നിക്ഷേപമുണ്ടെന്ന രീതിയിലായിരുന്നു പ്രചാരണം. അഞ്ചു സെന്റ് ഭൂമിയിലെ തകരഷീറ്റ് മേഞ്ഞ വീട്ടിലാണ് ഞാൻ താമസിക്കുന്നത്.