വിവാഹേതര ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി തള്ളിയും, കുറ്റം ഭേദഗതികളോടെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും പാര്‍ലമെന്ററി സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐ.പി.സിക്ക് പകരമായി കേന്ദ്രം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിതയില്‍ കുറ്റം ഉള്‍പ്പെടുത്തണം.
മറ്റൊരാളുടെ ഭാര്യയുമായി ബന്ധം പുലര്‍ത്തുന്ന പുരുഷനെ മാത്രം പ്രതിയാക്കുന്നതായിരുന്നു ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ്. സ്ത്രീക്കെതിരെ നടപടി സാദ്ധ്യമാകുമായിരുന്നില്ല. എന്നാല്‍, ആണിനെയും പെണ്ണിനെയും കേസിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടത്.ഇരുവരെയും ഒരുപോലെ ഉത്തരവാദികളാക്കണം. വിവാഹം പവിത്രമായി സംരക്ഷിക്കപ്പെടണമെന്നും ആഭ്യന്തരമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതി നിലപാടിനോട് കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി. ചിദംബരം വിയോജിച്ചിരുന്നു. ദാമ്ബത്യബന്ധത്തില്‍ ഭരണകൂടത്തിന് കാര്യമില്ലെന്നായിരുന്നു നിലപാട്.
2018ല്‍ 497ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിവാഹമോചനത്തിന് സിവില്‍ കുറ്റമെന്ന നിലയില്‍ വിവാഹതേര ബന്ധം കാരണമായി ഉന്നയിക്കാം. എന്നാല്‍, ക്രിമിനല്‍ കുറ്റമല്ലെന്നായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ കണ്ടെത്തല്‍. ഭാര്യയുടെ യജമാനൻ ഭര്‍ത്താവാണെന്ന സങ്കല്‍പ്പമാണ് കൊളോണിയല്‍ നിയമത്തില്‍ പിന്തുടരുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു