പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.
alternatetext

ഉഡുപ്പി: മാല്‍പെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നെജ്ജറില്‍ പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കേസന്വേഷണത്തിനായി അഞ്ചു പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന നെജ്ജാര്‍ തൃപ്തിനഗറിലെ നൂര്‍ മുഹമ്മദിന്‍റെ ഭാര്യ ഹസീന (46), മക്കളായ അഫ്നാന്‍(23), ഐനാസ്(21), അസീം (12) എന്നിവരാണു ഞായറാഴ്ച കൊല്ലപ്പെട്ടത്. നൂര്‍ മുഹമ്മദിന്‍റെ അമ്മ ഹാജിറ (70) ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. കൊല്ലപ്പെട്ട ഹസീനയുമായോ ഭര്‍ത്താവ് നൂര്‍ മുഹമ്മദുമായോ മുന്‍പരിചയമുള്ള ആരെങ്കിലുമായിരിക്കണം കൂട്ടക്കൊലയ്ക്കു പിന്നിലെന്നാണ് പോലീസിന്‍റെ നിഗമനം. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളോ വീട്ടിലെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ നഷ്‌ടപ്പെട്ടിട്ടില്ലാത്തതിനാല്‍ കവര്‍ച്ചാശ്രമമല്ലെന്നു വ്യക്തമാണ്.

ഓട്ടോറിക്ഷയില്‍ കയറിയ അക്രമി നൂര്‍മുഹമ്മദിന്‍റെ വീട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞുതന്നിരുന്നതായി ഓട്ടോ ഡ്രൈവര്‍ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ധരിച്ചിരുന്നു. ബംഗളൂരു ശൈലിയിലുള്ള കന്നഡയിലാണ് ഇയാള്‍ സംസാരിച്ചിരുന്നത്. ഓട്ടോ ഇറങ്ങി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്.

നേരേ വീട്ടിലേക്കു കയറിയ അക്രമി സ്വീകരണമുറിയിലുണ്ടായിരുന്ന ഹസീനയുമായി എന്തോ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആയുധമെടുത്ത് എല്ലാവരെയും ആക്രമിച്ചത്. കുളിമുറിയിലേക്ക് ഓടിക്കയറിയതിനാലാണു നൂര്‍മുഹമ്മദിന്‍റെ അമ്മ ഹാജിറ കൂടുതല്‍ ആക്രമണത്തിനിരയാകാതെ രക്ഷപ്പെട്ടത്