തിരുവല്ല: കുട്ടനാട് ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിൻ്റെ മരണത്തിന് ഉത്തരവാദി പിണറായി വിജയൻ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് കേന്ദ്രം അനുവദിച്ച തുകയെങ്കിലും കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യ നടക്കില്ലായിരുന്നു. കർഷകർക്ക് വായ്പക്കായി ബാങ്കുകളെ സമീപിക്കാൻ കഴിയുന്നില്ല.കൊയ്തിട്ട നെല്ല് സർക്കാർ സമയത്ത് എടുക്കുന്നില്ല.
ഏറ്റെടുത്ത നെല്ലിന് കാശ് കൊടുക്കാതെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പ്രസാദിന് ചികിത്സ കൊടുക്കാൻ അധികൃതർ തയ്യാറായില്ല.മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ രോഗിയുടെ ജീവൻ രക്ഷിക്കാമായിരുന്നു.കേരളീയത്തിന് പൊടിക്കാൻ കാശുണ്ട്, കർഷകർക്ക് കൊടുക്കാൻ കാശില്ല എന്നതാണ് സ്ഥിതി.കർഷക ആത്മഹത്യക്ക് പിണറായി വിജയൻ മറുപടി പറയണം.ഇതൊരു കൊലപാതകം തന്നെയാണ്.ഇത്ര മനസ്സാക്ഷിയില്ലാത്ത കണ്ണിൽ ചോരയില്ലാത്ത ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള യാത്രയ്ക്ക് ഇറങ്ങും മുൻപ് കർഷകരുടെ വീടുകളിൽ പോകണം.മുഖ്യമന്ത്രിയും മന്ത്രിമാരും ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിൽ പോകണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എംവി ഗോപകുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വിഎ സൂരജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു