കോതമംഗലം: സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിച്ചുകൊണ്ട് കോതമംഗലം പോലീസ് സ്റ്റേഷന് ബോംബ് വച്ചിരിക്കുന്നു എന്ന് സന്ദേശം ലഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം കൺട്രോൾ റൂമിലേക്ക് കോതമംഗലം പോലീസ് സ്റ്റേഷനിൽ താൻ ബോംബ് വച്ചിരിക്കുന്നു എന്ന് ഒരു വ്യക്തി വിളിച്ച് പറഞ്ഞത്. ബോംബ് ഭീഷണി സന്ദേശം കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് അറിയിച്ചതോടെ വനിതകൾ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ പരിഭ്രാന്തരാവുകയും ചെയ്തു.
തുടർന്ന് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും, ഫയർഫോഴ്സും എല്ലാം സ്റ്റേഷൻ പരിസരത്ത് എത്തി മണിക്കൂറുകളോളം പരിശോധന നടത്തുകയും ഭീഷണി സന്ദേശം വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തു. സന്ദേശം ലഭിച്ച ഉടനെ തന്നെ ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചെറുവട്ടൂർ സ്വദേശിയായ ഹനീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ എത്തിച്ച ഹനീഫിനെ പോലീസുകാർ ചോദ്യം ചെയ്തെങ്കിലും വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല.