പാര്‍ലമെന്‍റ്, നിയമസഭാംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് മാര്‍ഗരേഖയുമായി സുപ്രീംകോടതി.

പാര്‍ലമെന്‍റ്, നിയമസഭാംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് മാര്‍ഗരേഖയുമായി സുപ്രീംകോടതി.
alternatetext

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ്, നിയമസഭാംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാൻ ഹൈക്കോടതികള്‍ക്ക് മാര്‍ഗരേഖയുമായി സുപ്രീംകോടതി. ജനപ്രതിനിധികള്‍ക്കെതിരേ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദേശം.

രാജ്യത്താകെ ബാധകമാകുന്ന ഏകീകൃത നിയമം പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്കു സാധിക്കില്ലെന്നും കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി പൊതുനിര്‍ദേശം പുറപ്പെടുവിക്കുന്നതായും ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

എംപി-എംഎല്‍എമാര്‍ക്കെതിരേയുള്ള കേസുകള്‍ നേരത്തേ തീര്‍പ്പാക്കുന്നതിന്, നിരീക്ഷിക്കേണ്ട കേസുകളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യണം. ചീഫ് ജസ്റ്റീസിന്‍റെ പ്രത്യേക ബെഞ്ചോ ചീഫ് ജസ്റ്റീസ് ചുമതലപ്പെടുത്തുന്ന ബെഞ്ചോ പരിഗണിക്കണം. കൃത്യമായ ഇടവേളകളില്‍ പ്രത്യേക ബെഞ്ച് കേസുകള്‍ ലിസ്റ്റ് ചെയ്യണം. ആവശ്യമായ നിര്‍ദേശങ്ങളും ഉത്തരവുകളും ഹൈക്കോടതിക്കു പുറപ്പെടുവിക്കാം. ബെഞ്ചിന് അഡ്വക്കറ്റ് ജനറലിന്‍റെയോ പ്രോസിക്യൂട്ടറുടെയോ സഹായം തേടാവുന്നതാണ്.

പ്രിൻസിപ്പല്‍ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജിയാണു കീഴ്ക്കോടതിയില്‍ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. ഇത്തരം കേസുകളില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടണം. എംപി/എംഎല്‍എയ്ക്കെതിരേ വധശിക്ഷ-ജീവപര്യന്തം ലഭിക്കാവുന്ന കേസുകള്‍, അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കേസുകള്‍, മറ്റു കേസുകള്‍ എന്നിങ്ങനെ മുൻഗണനാക്രമത്തില്‍ തിരിക്കണം. ഒഴിവാക്കാനാകാത്ത കാരണമില്ലാതെ കേസ് വിചാരണക്കോടതികള്‍ നീട്ടരുത്. ചീഫ് ജസ്റ്റീസ് സ്റ്റേയുള്ള കേസുകള്‍ കണ്ടെത്തുകയും അതിന്‍റെ വിചാരണ ആരംഭിക്കുന്നതിനുള്ള മാര്‍ഗം സ്വീകരിക്കുകയും ചെയ്യണം.

പ്രിൻസിപ്പല്‍ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി വിചാരണക്കോടതിയില്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും ഉറപ്പുവരുത്തണം. കേസുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വെബ്സൈറ്റില്‍ പ്രത്യേകവിഭാഗം വേണം.

ഇത്തരം വിഷയങ്ങളില്‍ എല്ലാ ഹൈക്കോടതികള്‍ക്കും ബാധകമാകുന്ന മാര്‍ഗരേഖ പുറപ്പെടുവിക്കല്‍ സാധ്യമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി