സൂര്യനില്‍ നിന്നുയരുന്ന അതിതീവ്ര ‘സൗരജ്വാല’യുടെ വ്യാപ്തി അളന്ന് ഇന്ത്യയുടെ ആദിത്യ എല്‍1 പേടകം. ഭൂമിയ്ക്ക് ചുറ്റുമുള്ള വൈദ്യുത കാന്തികമണ്ഡലത്തില്‍ വിള്ളലുണ്ടാക്കുന്നതും ഭൂമിയിലേക്കുളള ദീര്‍ഘദൂര റേഡിയോ തരംഗങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്ന സൗരജ്വാലയുടെ രഹസ്യത്തിലേക്ക് വഴിതുറക്കുന്നതാണ് ആദിത്യയുടെ ഈ ദൗത്യം.
ലോകത്ത് ആദ്യമായാണ് ഇത്. ഐ.എസ്.ആര്‍.ഒയുടെ ബംഗളൂരു യു.ആര്‍.റാവു സാറ്റലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിംഗ് എക്സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍ എന്ന ഹെലയോസ് ഉപകരണമാണ് തീവ്രത വിജയകരമായി അളന്നത്. ഇത് വിശദമായി വിശകലനം ചെയ്യുകയാണ് ശാസ്ത്രലോകം. മുമ്ബ് എക്സ്റേ,ഗാമറേ ഉപകരണങ്ങളിലൂടെ സൗരജ്വാലയുടെ തീവ്രതയളക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഒക്ടോബര്‍ 29ന് ഉച്ചയ്ക്ക് 12മുതല്‍ രാത്രി 10വരെയുണ്ടായ സൗരജ്വാലയാണ് ഉപകരണം ഒപ്പിയെടുത്തത്. എക്സ് പ്ളാറ്റ്ഫോമിലൂടെയാണ് ഐ.എസ്.ആര്‍.ഒ വിവരം പുറത്തുവിട്ടത്.
സ്വൗരജ്വാല (രാക്ഷസജ്വാല) പഠിക്കാൻ ഇതുവരെ ശാസ്ത്രലോകത്തിനായിട്ടില്ല. ആദിത്യയിലൂടെ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷ. സെപ്തംബര്‍ രണ്ടിനാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 15ലക്ഷം കിലോമീറ്റര്‍ അകലെ ലെഗ്രാന്റ് പോയിന്റിലാണ് നിലയുറപ്പിക്കുക. ജനുവരിയോടെ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.