കെഎസ്‌ആര്‍ടിസിക്ക് ധനസഹായമായി 30 കോടി രൂപ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍

കെഎസ്‌ആര്‍ടിസിക്ക് ധനസഹായമായി 30 കോടി രൂപ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍
alternatetext

തിരുവനന്തപുരം: ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ കെഎസ്‌ആര്‍ടിസിക്ക് ധനസഹായമായി 30 കോടി രൂപ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍. കെഎസ്‌ആര്‍ടിസിലെ പെൻഷൻ വിതരണം മുടങ്ങുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് പണം അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചത്.

തിങ്കളാഴ്ച 70 കോടി അനുവദിച്ചിരുന്നു. ആഘോഷങ്ങള്‍ക്കല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ പേരില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയെ കോടതി കുറ്റപ്പെടുത്തി. നവംബര്‍ 30നകം ഒക്ടോബര്‍, നവംബര്‍ മാസത്തെ പെൻഷൻ നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിയെയും കെഎസ്‌ആര്‍ടിസി എംഡിയെയും വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, കെഎസ്‌ആര്‍ടിസി പെൻഷൻ വിതരണത്തിന് പണമില്ലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കെഎസ്‌ആര്‍ടിസിക്ക് ധനസഹായം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയല്ലെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സഹായം വിതരണം ചെയ്യാറുണ്ടെന്നും ചീഫ് സെക്രട്ടറി കോടതിയെ ബോധിപ്പിച്ചിരുന്നു.