ചിറ്റൂര്‍: നടുറോഡില്‍ ഭാര്യയെ ഇരുമ്ബു വടികൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിനുശേഷം ഒളിവില്‍ പോയ രണ്ടാം ഭര്‍ത്താവിനെ പോലീസ് പിടികൂടി. കമ്ബിളിച്ചുങ്കം മാണിക്കത്ത്‌കളം ഉദയന്റെ മകള്‍ ഊര്‍മ്മിള(33)യാണു കൊല്ലപ്പെട്ടത്. കൊഴിഞ്ഞാമ്ബാറ പുത്തന്‍പാത സ്വദേശി സജീഷ് (കുട്ടന്‍-37) നെ വീട്ടില്‍നിന്നും പോലീസ് പിടികൂടി.
ഇന്നലെ രാവിലെ ഏഴിനാണ് നാടിനെ നടുക്കിയ സംഭവം. വാളയാറിലുള്ള സ്വകാര്യ ബിയര്‍ കമ്ബനിയില്‍ ജോലിക്കു പോകുന്നതിനായി വീട്ടില്‍നിന്നിറങ്ങിയ ഊര്‍മിളയെ റോഡില്‍വച്ച് ലിവര്‍ (ഇരുമ്ബ് വടി) കൊണ്ട് അടിക്കുകയായിരുന്നു. ഭയന്ന് പാടത്തിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് അടിച്ചു.
തലയ്‌ക്ക് പിന്നിലും നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തടയാന്‍ ശ്രമിക്കുന്നതിനിടെ കൈയ്‌ക്കും പരുക്കേറ്റു. തലയ്‌ക്കുഗുരുതര പരുക്കേറ്റ് പാടത്ത് ചോര വാര്‍ന്നനിലയില്‍ കണ്ടെത്തിയ ഊര്‍മിളയെ നാട്ടുകാര്‍ ചേര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതിനുശേഷം 2019 ലാണ് ഊര്‍മിള സജീഷിനെ വിവാഹം കഴിക്കുന്നത്. ഇറച്ചിക്കടകളില്‍നിന്നു മാംസാവശിഷ്‌ടങ്ങള്‍ ശേഖരിച്ച്, മീന്‍ വളര്‍ത്തുന്നവര്‍ക്ക് എത്തിച്ചുകൊടുക്കലാണ് സജീഷിന്റെ ജോലി. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ പത്തു മാസമായി ഭര്‍ത്താവുമായി അകന്ന് മാണിക്കത്ത്‌കളത്തിലെ കുടുംബ വീട്ടിലാണ് ഊര്‍മിള താമസിക്കുന്നത്.
അകന്നുകഴിയുമ്ബോഴും സംശയംമൂലം നിരന്തരമായി വിളിച്ച് ഭീഷണിപ്പെടുത്തുന്നതു പതിവാണെന്ന് പോലീസ് പറയുന്നു. ഫോണ്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിന്റെ പേരില്‍ കഴിഞ്ഞ മേയ് 18 ന് ഉര്‍മ്മിളയെ സജീഷ് വീട്ടില്‍ കയറി ഗുരുതരമായി വെട്ടിപരുക്കേല്‍പ്പിച്ചിരുന്നു. അന്നു തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഇതില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ മൂന്ന് മാസം മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇതിലുള്ള വൈരാഗ്യവും, സംശയവും കാരണം കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഊര്‍മിളയെ അടിക്കാന്‍ ഉപയോഗിച്ച ഇരുമ്ബ് ലിവര്‍ പാടത്തുതന്നെ ഉപേക്ഷിച്ചിരുന്നു. ഇതു പിന്നീട് ഫോറന്‍സിക് വിദഗ്‌ധരാണ് പുറത്തെടുത്തത്. ചിറ്റൂര്‍ പോലീസ് കസ്‌റ്റഡിയിലെടുത്ത പ്രതിയുമായി തെളിവെടുപ്പ് നടത്താനായി സ്‌റ്റേഷനില്‍നിന്നും കൊണ്ടുപോയെങ്കിലും തെളിവെടുപ്പ് നടത്താതെ തിരികെ കൊണ്ടുവന്നു.
കൊഴിഞ്ഞാമ്ബാറയിലും കൊലപാതകം നടന്ന സ്‌ഥലത്തും ഇന്നു പ്രതിയുമായി തെളിവെടുപ്പ് നടത്തും. ചൊവാഴ്‌ച രാത്രിയോടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുകള്‍ക്കു വിട്ടുകൊടുത്തു. സംസ്‌ക്കാരം ബുധനാഴ്‌ച നടക്കും. ഊര്‍മിളയുടെ അമ്മ: ഉഷ. മക്കള്‍: അതുല്യ, ജിതുല്യ. സഹോദരങ്ങള്‍: ഉമേഷ്, വിമേഷ്.