മഹാദേവ് അടക്കം 22 ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്രം വിലക്കേര്‍പ്പെടുത്തി

മഹാദേവ് അടക്കം 22 ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്രം വിലക്കേര്‍പ്പെടുത്തി
alternatetext

ന്യൂഡല്‍ഹി: വിവാദമായ മഹാദേവ് ബെറ്റിങ് ആപ്പിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. മഹാദേവ് അടക്കം 22 ആപ്പുകളും വെബ്‌സൈറ്റുകളുമാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്‍റെ ഉടമകള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിലക്ക്.

ഓണ്‍ലൈൻ ബെറ്റിങ് ആപ്പാണ് മഹാദേവ്. ഓണ്‍ലൈൻ ബെറ്റിങ്ങിന് ഇന്ത്യയില്‍ നിരോധനമുള്ളതിനാല്‍ ദുബെ വഴിയാണ് ഇവരുടെ ഓപ്പറേഷൻ. സൗരഭ് ചന്ദ്രാകര്‍, രവി ഉപ്പല്‍ എന്നവരാണ് 2016 -ല്‍ ദുബായില്‍ മഹാദേവ് ആപ്പ് എന്ന പേരില്‍ ഓണ്‍ലൈൻ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്. 2020 ല്‍ കൊവിഡ് കാലത്ത് ജനം ഓണ്‍ലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്ബോള്‍, ടെന്നീസ്, തിരഞ്ഞെടുപ്പ് ബെറ്റിങ് അങ്ങനെ എന്തിന്റെ പേരിലും ആവാം. 2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവില്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്.

ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒന്നാണ് മഹാദേവ ബെറ്റിംഗ് ആപ്പ് കേസ്. 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിക്കാന്‍ എല്ലാവിധ അധികാരവുമുണ്ടായിട്ടും ഛത്തീസ്ഗഡ് സര്‍ക്കാര്‍ യാതൊരു നടപടിയും ആപ്പുകള്‍ക്കെതിരെ എടുത്തില്ലെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

റെഡ്ഡിയന്നപ്രെസ്റ്റോപ്രോ ഉള്‍പ്പെടെയുള്ള 22 ആപ്പുകളാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്.