സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി ‘മിഷൻ 2030’ എന്ന പേരില്‍ മാസ്റ്റര്‍ പ്ലാൻ തയാറാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 2030 ആകുമ്ബോഴേക്കും സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ ഉന്നതിയിലെത്തിക്കുന്നതിനായുള്ള ഈ മാസ്റ്റര്‍ പ്ലാൻ അടുത്ത വര്‍ഷത്തോടെ തയാറാക്കും. അഡ്വഞ്ചര്‍, വെല്‍നെസ് ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി വിനോദ സഞ്ചാര മേഖലയെ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയത്തിന്റെ ഭാഗമായി ‘കേരളത്തിലെ വിനോദ സഞ്ചാര മേഖല’ എന്ന വിഷയത്തില്‍ മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി പശ്ചാത്തല വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും. മൂന്നാറില്‍ കേബിള്‍ കാര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. ടൂറിസം മേഖലയിലെ ഉപദേശകസമിതി കൂടുതല്‍ സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ടൂറിസം മാറ്റത്തിന്റെ പാതയിലാണ്.
കോവിഡിനു മുൻപുള്ള സാമ്ബ്രദായിക രീതികളില്‍ നിന്നും ടൂറിസം പുതിയ വഴികളിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. കോവിഡ്, ടൂറിസം മേഖലയെ തളര്‍ത്തിയപ്പോള്‍ ഡൈൻ ഇൻ കാര്‍ പ്രോഗ്രാം, വാക്‌സിനേറ്റഡ് ഡെസ്റ്റിനേഷൻ പോലെ വ്യത്യസ്തമായ പല പദ്ധതികളും സംസ്ഥാനം ആവിഷ്‌കരിച്ചു. അതോടെ സുരക്ഷിതമായ ടൂറിസം എന്നതിനു വലിയ പ്രാധാന്യം ലഭിച്ചു. ബയോ ബബിളിന്റെ സുരക്ഷിതത്വം നമുക്ക് പ്രദാനം ചെയ്യാനായി. ആ ആത്മവിശ്വാസത്തില്‍ നിന്നാണ് കേരളം ടൂറിസത്തിലേക്കു തിരിച്ചുവരാൻ ആരംഭിച്ചത്. കോവിഡിന് ശേഷം ‘വര്‍ക്കേഷൻ’ എന്ന ട്രെൻഡിനെ സംസ്ഥാനം പ്രയോജനപ്പെടുത്താൻ ശ്രമിച്ചു.
ഗ്രാമീണ മേഖലയുടെ ഉള്‍ത്തുടിപ്പുകളെല്ലാം ടൂറിസം പ്രവര്‍ത്തനങ്ങളാക്കി മാറ്റാൻ നമുക്കാവണമെന്നും ഗ്രാമാന്തരങ്ങളില്‍ ടൂറിസം വ്യാപിപ്പിക്കുന്ന രൂപത്തിലുള്ള മാതൃകാപരമായ പദ്ധതികളാണ് ടൂറിസം മേഖലയില്‍ കേരളം രൂപപ്പെടുത്തേണ്ടതെന്നും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗവും സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെട്ടു. പോസിറ്റീവായ മനസുണ്ടാക്കുക എന്നതാണ് ടൂറിസത്തിന്റെ ലക്ഷ്യം. എന്തിനെയും എതിര്‍ക്കുക എന്ന രീതി നാം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു