പ്രശസ്‌ത സാഹിത്യകാരൻ ഓം ചേരി എൻ.എൻ.പിള്ളയുടെ സഹധര്‍മ്മിണി ലീല ഓംചേരി അന്തരിച്ചു.

പ്രശസ്‌ത സാഹിത്യകാരൻ ഓം ചേരി എൻ.എൻ.പിള്ളയുടെ സഹധര്‍മ്മിണി ലീല ഓംചേരി അന്തരിച്ചു.
alternatetext

സംഗീതജ്ഞയും എഴുത്തുകാരിയും പ്രശസ്‌ത സാഹിത്യകാരൻ ഓം ചേരി എൻ.എൻ.പിള്ളയുടെ സഹധര്‍മ്മിണിയുമായ ലീല ഓംചേരി(94) ഡല്‍ഹിയില്‍ അന്തരിച്ചു. അശോക് വിഹാറിലെ വസതിയില്‍ ഇന്നലെ രാത്രിയാണ് അന്ത്യം. സംസ്‌കാരം ഇന്നു ഡല്‍ഹിയില്‍. മക്കള്‍: ശ്രീദീപ് ഓം ചേരി, ഡോ. ദീപ്‌തി ഓം ചേരി. പ്രശസ്‌ത ഗായകൻ പരേതനായ കമുകറ പുരുഷോത്തമൻ ഇളയ സഹോദരനാണ്.

2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കന്യാകുമാരി തിരുവട്ടാറിലെ മാങ്കോയിക്കല്‍ തറവാട്ടില്‍ ജനിച്ച ലീല ഓംചേരി സഹോദരനായ കമുകറ പുരുഷോത്തമനൊപ്പമാണ് സംഗീതം അഭ്യസിച്ചത്. തിരുവനന്തപുരം വിമൻസ് കോളേജില്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ ബിരുദം നേടി. ഓം ചേരിയുമായുള്ള വിവാഹ ശേഷമാണ് ഡല്‍ഹിയിലെത്തിയത്.

ഹിന്ദുസ്ഥാനി സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്‌.ഡിയും നേടി. ഡല്‍ഹി സര്‍വകലാശാലയില്‍ 1964 മുതല്‍ 30 വര്‍ഷം സംഗീത അദ്ധ്യാപികയായി സേവനമനുഷ്‌ഠിച്ചു. തിരുവനന്തപുരം കമുകറ സ്കൂള്‍ ഒഫ് മ്യൂസിക് അദ്ധ്യാപിക, ഡല്‍ഹിയിലെ ത്രികല – ഗുരുകുലം പ്രിൻസിപ്പല്‍, ആകാശവാണി, ദൂരദര്‍ശൻ, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള കലാമണ്ഡലം തുടങ്ങിവയില്‍ സെലക്ഷൻ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ്(2003), കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്(1990) എന്നിവ ലഭിച്ചു. ലീലാഞ്ജലി (ചെറുകഥാ സമാഹാരം), ജീവിതം(നാടകം) തുടങ്ങി 200ല്‍ അധികം പുസ്‌തകങ്ങള്‍ രചിച്ചു.