മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി. പരസ്യമായി മാപ്പു പറഞ്ഞതോടെ വിവാദം അവസാനിപ്പിക്കേണ്ടതായിരുന്നുവെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. കരിവന്നൂരില്‍ പ്രതിഷേധിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ സുരേഷ് ഗോപിക്കെതിരെ സിപിഐഎം ഗൂഢാലോചന നടത്തുകയാണെന്ന് ശോഭാ സുരേന്ദ്രനും വിമര്‍ശിച്ചു.
സുരേഷ് ഗോപി പിതൃതുല്യമായ വാത്സല്യത്തോടെയാണ് പെരുമാറിയതെന്ന് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയും വിശദീകരിച്ചു. മാപ്പു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമായിട്ടാണ് ബിജെപി മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ കാണുന്നത്. സുരേഷ് ഗോപി തെറ്റു ചെയ്തുവെന്ന് നേതൃത്വം കരുതുന്നില്ല. ദുരുദ്ദേശപരമല്ലെങ്കിലും ശരീരത്തില്‍ തൊട്ടത് സമ്മതമില്ലാതെയാണെന്ന പരാതിയെ പാര്‍ട്ടി അംഗീകരിക്കുന്നു.
പക്ഷേ അത് മാപ്പിനപ്പുറത്തേക്ക് കൊണ്ടുപോകരുതെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാപ്പു പറഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തക പരാതിയുമായി മുന്നോട്ടു പോകുന്നത് മന്ത്രി മുഹമദ് റിയാസിന്റെ സമര്‍ദ്ദം മൂലമാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.