കൊല്ലം: ആയിരത്തിൽപരം വേദനാസംഹാരി ഗുളികകളുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഉദയപുരം മാർത്താണ്ഡപുരം ചേരി നിവാസികളായ രാജീവ്, സ്റ്റീഫൻ മോറിസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. തീരദേശ മേഖലകളിൽ മയക്കുമരുന്നിനു പകരമായി ഉപയോഗിക്കുന്നതിനു വേണ്ടി വിതരണം ചെയ്യാൻ ഗോവയിൽ നിന്നും എത്തിച്ച ലഹരി ഗുളികകളാണ് കൊല്ലം കച്ചേരി ഭാഗത്തു നിന്നും പിടികൂടിയത്.
കൊല്ലം തീരദേശ മേഖലകളിൽ അനധികൃതമായി ലഹരി ഗുളികകൾ വിതരണവും, ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൊല്ലം ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പരിശോധനയിൽ യുവാക്കളെ പിടികൂടിയത്.