സംസ്ഥാനത്ത് സ്പെഷ്യല്‍ സ്കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അറിവിന്റെ വ്യത്യസ്ത മേഖലകളിലെ പുതിയ വികാസത്തെകൂടി പരിഗണിച്ചുള്ള പരിഷ്കരണമാകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ് ദേശീയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്പെഷ്യല്‍ സ്കൂള്‍ പാഠ്യപദ്ധതി കോര്‍ കമ്മിറ്റി രൂപീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. സ്പെഷ്യല്‍ സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് വിപുലമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. സവിശേഷ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങളും പ്രത്യേക പരിഗണന നല്‍കേണ്ട മേഖലകളെക്കുറിച്ചുള്ള വിശദാംശങ്ങളും, വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പൊതുചര്‍ച്ചകളിലൂടെ ലഭ്യമാകുന്ന അഭിപ്രായങ്ങളും പരിഗണിച്ച് സവിശേഷ വിദ്യാലയങ്ങള്‍ക്കുള്ള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. ബന്ധപ്പെട്ട സമിതികളില്‍ ചര്‍ച്ചചെയ്ത് അന്തിമ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുകയും ചെയ്യും.
ഈ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തന പുസ്തകങ്ങളും അനുബന്ധ സാമഗ്രികളും സഹായ സംവിധാനങ്ങളും വികസിപ്പിക്കുക. ഈ ചരിത്ര ദൗത്യത്തിന്റെ തുടക്കമായാണു സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സ് ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഓരോ വ്യക്തിയിലെയും സാമൂഹ്യ നന്മയ്ക്ക് അനുയോജ്യമായ മൂല്യങ്ങള്‍ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യുയെന്നതു പ്രധാനമാണ്. ഓരോ കുട്ടിയും നേരിടുന്ന ബഹുവിധമായ അനിശ്ചിതത്വങ്ങളും സാംസ്കാരിക വൈകാരിക അവസ്ഥകളും ജീവിതാവശ്യങ്ങളും സാമൂഹിക ആവശ്യങ്ങളും പരിഗണിച്ചുമാത്രമേ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം രീതിശാസ്ത്രം എന്നിവ തീരുമാനിക്കാൻ കഴിയൂ. എല്ലാ കുട്ടികള്‍ക്കും സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ അവസരതുല്യതയാണ് ലഭ്യമാക്കേണ്ടത്. ഓരോ കുട്ടിക്കും സ്വന്തം രീതിയിലും പഠന വേഗതയിലും മുന്നോട്ടുപോകാനും അതുവഴി ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള ആത്മവിശ്വാസം വികസിപ്പിക്കുവാനും കഴിയണം.
കേരളത്തില്‍ മുഴുവൻ കുട്ടികള്‍ക്കും വിദ്യാലയ പ്രവേശനം നല്കുന്നതിനു കഴിഞ്ഞിട്ടുണ്ട്. പ്രതിഭാധനരായ കുട്ടികളെയും ശരാശരി നിലവാരം പുലര്‍ത്തുന്ന കുട്ടികളെയും പലകാരണങ്ങളാല്‍ പഠനത്തിലും വിദ്യാഭ്യാസ കാര്യങ്ങളിലും പിന്നാക്കമായി പോയ കുട്ടികളെയും വിദ്യാഭ്യാസ പ്രക്രിയയില്‍ വിവേചനം കൂടാതെ ചേര്‍ത്തുപിടിക്കണമെന്ന കാഴ്ചപ്പാടാണു കേരളം മുന്നോട്ടുവയ്ക്കുന്നത്.
ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുഴുവൻ കുട്ടികള്‍ക്കും വിദ്യാലയ പ്രവേശനം നല്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അവരെയെല്ലാം അക്കാദമികമായി ഉള്‍ച്ചേര്‍ക്കുവാൻ നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ഇനിയും കഴിയേണ്ടതുണ്ട്. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷി വിഭാഗത്തില്‍ എലിമെന്ററി വിഭാഗത്തില്‍ 76,267 കുട്ടികളും സെക്കന്ററി വിഭാഗത്തില്‍ 44080 കുട്ടികളും ഉള്‍പ്പെടെ ആകെ 120347 കുട്ടികള്‍ പഠിക്കുന്നു. ഭിന്നശേഷി കുട്ടികള്‍ക്ക് അധിക പിന്തുണ സംവിധാനം ഒരുക്കുന്നതിനായി 2886 സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. ബി.ആര്.സികള്‍ കേന്ദ്രീകരിച്ച് എല്ലാവര്‍ഷവും മെഡിക്കല്‍ ക്യാമ്ബുകള്‍ സംഘടിപ്പിച്ച് വിദഗ്ധരുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. എല്ലാ ബി.ആര്.സി കളിലും ഓട്ടിസം ഉള്‍പ്പെടെയുള്ള പരിമിതി അനുഭവിക്കുന്നവര്‍ക്കായി 168 ഓട്ടിസം സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ പഞ്ചായത്തുകളിലും പ്രാതിനിധ്യം ഉണ്ടാകുന്ന വിധത്തില്‍ പൊതുവിദ്യാലയങ്ങളില്‍ 1500 സ്പെഷ്യല്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.
സ്കൂള്‍തലത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അര്‍ഹമായ പരിഗണനയും ശ്രദ്ധയും കൂടുതലായി ലഭിക്കുവാനും ഇത്തരം കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പിലെ ഐ.ഇ.ഡി സെക്ഷൻ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് മോഡല്‍ ഇൻക്ലൂസീവ് സ്കൂള്‍. സംസ്ഥാനതലത്തില്‍ 84 സ്കൂളുകളെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിലൂടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവശ്യം വേണ്ട തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും സ്കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും കഴിയുന്നു.
കുട്ടികള്‍ക്കുവേണ്ടി അനുയോജ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുവാനും അവ നടപ്പില്‍ വരുത്തുവാനും ഉതകുന്ന വിദഗ്ധ പരിശീലനം സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ അധ്യാപകര്‍ക്കും നല്‍കേണ്ടതുണ്ടെന്നും സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൂടി അനുയോജ്യമായ അയവുള്ള പാഠ്യപദ്ധതി രൂപീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്.സി.ഇ.ആര്.ടിയുടേയും സമഗ്ര ശിക്ഷ കേരളയുടേയും സംയക്താഭിമുഖ്യത്തിലാണു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, എസ്.സി.ഇ.ആര്.ടി. ഡയറക്ടര്‍ ഡോ. ജയപ്രകാശ്, സമഗ്ര ശിക്ഷാ പ്രോജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ തുടങ്ങിയവരും പങ്കെടുത്തു