പത്തനംതിട്ട: ഏഴംകുളം നെടുമണ്ണില്‍ മധ്യവയസ്‌കന്‍ വീട്ടില്‍ മരിച്ചുകിടന്നതു കൊലപാതകമെന്നു പോലീസ്. സഹോദരനെയും സുഹൃത്തിനെയും അറസ്‌റ്റ് ചെയ്‌തു. പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്‌റ്റ്. ഏഴംകുളം നെടുമണ്‍ ഓണവിള പുത്തന്‍ വീട്ടില്‍ അനീഷ് ദത്ത(52)നെയാണ് 24 നു പുലര്‍ച്ചെ രണ്ടിന് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അനീഷ് ദത്തന്റെ ഇളയസഹോദരന്‍ മനോജ് ദത്തന്‍ (ജോജോ-46), വാണേക്കാട് പള്ളി ബിനു ഭവനില്‍ ബിനു (42) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
23 നു രാത്രി മൂന്നുപേരും വീട്ടിലിരുന്നു മദ്യപിച്ചിരുന്നു. തുടര്‍ന്ന് പരസ്‌പരം വഴക്കും അടിപിടിയും ഉണ്ടായതായി അനീഷിന്റെ അമ്മ ശാന്തമ്മ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് അറസ്‌റ്റ്. പിറ്റേന്ന് പുലര്‍ച്ചെ രണ്ടിന് ശാന്തമ്മയാണ് വീട്ടിലെ മുറിയില്‍ അനീഷിനെ ചലനമറ്റ നിലയില്‍ കണ്ടത്. അനീഷും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസം. സംഭവദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ച ബിനുവും ഇവിടെയാണ് കിടന്നത്.
ജില്ലാ പോലീസ് മേധാവി വി.അജിത്തിന്റെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി: ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ എസ്. ശ്രീകുമാര്‍, എസ്.ഐമാരായ ശ്യാമകുമാരി, ജലാലുദ്ദീന്‍ റാവുത്തര്‍, സി.പി.ഒമാരായ റോബി ഐസക്ക്, എം.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.