ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിക്കാൻ പുറപ്പെട്ട തന്നെ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു-കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാല്‍ മലികുമായി നടത്തിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പൂട്ടിയിട്ട മുറിയില്‍നിന്ന് പുറത്തുകടക്കാൻ പോരടിക്കേണ്ടിവന്നു. തികച്ചും മോശമായ സംഭവമായിരുന്നു അത് -രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി സംഘടിപ്പിച്ച പരിപാടി പോലെയായിരുന്നു ആദരമര്‍പ്പിക്കല്‍ ചടങ്ങെന്നും രാഹുല്‍ പറഞ്ഞു.
പുല്‍വാമ സംഭവത്തിൽ സത്യപാല്‍ മലിക് വിശദീകരിക്കുന്നത് ഇങ്ങനെ. സി.ആര്‍.പി.എഫുകാരെ കൊണ്ടുപോകുന്നതിന് അഞ്ചു വിമാനങ്ങള്‍ ചോദിച്ചിരുന്നു. അവര്‍ തന്നോട് ചോദിച്ചെങ്കില്‍ അപ്പോള്‍ തന്നെ കൊടുത്തേനെ. മഞ്ഞില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികള്‍ക്ക് വിമാനം ഇങ്ങനെ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ വിമാനം വാടകക്കു കിട്ടാൻ എളുപ്പമാണ്. എന്നാല്‍, അവരുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തില്‍ നാലു മാസം കിടന്നു. പിന്നെ അതു തള്ളി. സുരക്ഷിതമല്ലാത്ത റോഡ് മാര്‍ഗം സി.ആര്‍.പി.എഫുകാര്‍ പോയത് അങ്ങനെയാണെന്ന് സത്യപാല്‍ മലിക് പറഞ്ഞു.
പുല്‍വാമ സംഭവം നമ്മുടെ പിഴവാണെന്ന് രണ്ടു ചാനലുകളോട് താൻ നേരത്തേ പറഞ്ഞതാണ്. ദേശീയ പാതയോ ഇടവഴികളോ സുരക്ഷ വലയത്തിലായിരുന്നില്ല. സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തെ ആക്രമിച്ച സ്ഫോടകവസ്തു നിറച്ച ട്രക്ക് 10-12 ദിവസമായി ആ പ്രദേശത്ത് കറങ്ങുന്നുണ്ടായിരുന്നു. പാകിസ്താനില്‍നിന്ന് അയച്ചതായിരുന്നു സ്ഫോടക വസ്തുക്കള്‍. ഡ്രൈവര്‍ക്കും വാഹന ഉടമക്കും ഭീകരതയുടെ പശ്ചാത്തലമുണ്ടായിരുന്നു. അവരെ പലവട്ടം അറസ്റ്റ് ചെയ്ത് വിട്ടയച്ചിട്ടുണ്ട്. എന്നാല്‍, ഇന്‍റലിജൻസ് അവരെ നിരീക്ഷിച്ചിരുന്നില്ല.
പുൽവാമ സംഭവത്തെക്കുറിച്ചു എവിടെയും പറയരുതെന്നാണ് ഗവര്‍ണറായിരുന്ന തനിക്ക് കിട്ടിയ നിര്‍ദേശം.പ്രസ്താവന അന്വേഷണത്തെ ബാധിക്കുമെന്നാണ് താൻ കരുതിയത്. എന്നാല്‍, അന്വേഷണമൊന്നും നടന്നില്ല. ആ സംഭവം തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചു- മലിക് കൂട്ടിച്ചേര്‍ത്തു.