തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍നിന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്സാലോജിക് സൊലുഷൻ കമ്പനിയും കൈപ്പറ്റിയ തുകയ്ക്കു പൂര്‍ണമായി ഐജിഎസ്ടി അടച്ചിട്ടില്ലെന്നു രേഖകള്‍. 2017-18 കാലയളവില്‍ സിഎംആര്‍എല്ലില്‍നിന്നു കൈപ്പറ്റിയ തുകയുടെ നാലിലൊന്നു ഭാഗം മാത്രമാണ് ജിഎസ്ടി ഇനത്തില്‍ അടച്ചതെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
2018-19 സാന്പത്തിക വര്‍ഷം വീണയും കമ്പനിയായ എക്സാലോജിക് സൊലൂഷനും രണ്ട് ഇനങ്ങളിലായി 60 ലക്ഷം, 36 ലക്ഷം രൂപ വീതം സിഎംആര്‍എല്ലില്‍നിന്നു കൈപ്പറ്റിയതെന്നാണു രേഖകള്‍. പ്രഫഷണല്‍, നിയമ സഹായ ഇനത്തില്‍ അഞ്ച്, മൂന്നു ലക്ഷം രൂപ വീതം പ്രതിമാസം കൈപ്പറ്റി. മൊത്തം 92 ലക്ഷം രൂപ. സാന്പത്തിക വര്‍ഷം ആരംഭിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ചരക്കു സേവന നികുതി നിലവില്‍ വരുന്നത്. അതുവരെ സര്‍വീസ് ടാക്സ് ഇനത്തിലാണ് നികുതി അടയ്ക്കേണ്ടിയിരുന്നത്. എന്നാല്‍, ഐജിഎസ്ടി ഇനത്തില്‍ ലഭിക്കേണ്ട മുഴുവൻ തുകയും ലഭിച്ചിട്ടില്ലെന്നാണു പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നത്.
2017-18 വര്‍ഷത്തെ ഐജിഎസ്ടി ഇനത്തില്‍ അടയ്ക്കേണ്ട തുക 2019 ജൂണ്‍ 18നാണ് ഫയല്‍ ചെയ്തത്. 2017-18 വര്‍ഷത്തെ നികുതി ഇനത്തില്‍ 4.5 ലക്ഷം രൂപ അടച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം പലിശ ഇനത്തില്‍ 25,210 രൂപയും കാലതാമസത്തിനുള്ള ഫീസ് (ലേറ്റ് ഫീ) ഇനത്തില്‍ 12,300 രൂപയും നികുതിക്കൊപ്പം അടച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനമായി കാണിച്ചിട്ടുള്ളത്. ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാനുണ്ടായ കാലതാമസമാണു നികുതി തുക പൂര്‍ണമായി അടയ്ക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
സിഎംആര്‍എല്ലില്‍നിന്ന് വീണയുടെ കമ്പനി കൈപ്പറ്റിയ തുകയ്ക്ക് ഐജിഎസിടി അടച്ചതായി ചരക്കു സേവന നികുതി കമ്മീഷണര്‍, മാത്യു കുഴല്‍നാടൻ എംഎല്‍എയ്ക്കു കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. എന്നാല്‍, ചരക്കു സേവന നികുതി ഇനത്തില്‍ എത്ര അടച്ചെന്നോ എന്നാണ് അടച്ചതെന്നോ മറുപടിയില്‍ വ്യക്തമാക്കിയിരുന്നില്ല. സിഎംആര്‍എല്ലില്‍നിന്നു വീണയ്ക്കും അവരുടെ കമ്പനിക്കും 1.72 കോടി രൂപ നല്‍കിയെന്ന ആദായ നികുതി ഇന്‍ററീം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ തീര്‍പ്പാക്കല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തു വന്നതിനു പിന്നാലെയാണു മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരേ വിവാദം കത്തിപ്പടര്‍ന്നത്.
സിഎംആര്‍എല്ലില്‍നിന്നു മുഖ്യമന്ത്രിയുടെ മകള്‍ കൈപ്പറ്റിയതു മാസപ്പടിയാണെന്ന വിവാദം മാത്യു കുഴല്‍നാടൻ എംഎല്‍എയും പ്രതിപക്ഷവും ഉയര്‍ത്തി. എന്നാല്‍ വീണയുടെ കമ്പനി നല്‍കിയ സേവനത്തിനാണു തുക കൈമാറിയതെന്നും ഇതിന്‍റെ ഐജിഎസ്ടി അടച്ചിട്ടുണ്ടെന്നുമായിരുന്നു ഭരണപക്ഷത്തിന്‍റെ വിശദീകരണം.