പതിനാറ് വയസ്സുള്ള മകള്‍ക്ക് സ്കൂട്ടര്‍ ഓടിക്കാൻ നല്‍കിയ മാതാവിന് പിഴയും തടവും

പതിനാറ് വയസ്സുള്ള മകള്‍ക്ക് സ്കൂട്ടര്‍ ഓടിക്കാൻ നല്‍കിയ മാതാവിന് പിഴയും തടവും
alternatetext

കാസര്‍ഗോഡ്: പതിനാറ് വയസ്സുള്ള മകള്‍ക്ക് സ്കൂട്ടര്‍ ഓടിക്കാൻ നല്‍കിയ മാതാവിന് പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിച്ച്‌ കാസര്‍ഗോഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. ഉദിനൂര്‍ മുള്ളോട്ട് കടവിലെ എം. ഫസീല(36)യ്ക്കാണ് ശിക്ഷ വിധിച്ചത്. 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ.

2020 മാര്‍ച്ച്‌ 18നായിരുന്നു സംഭവം. അന്ന് ചന്തേര എസ്‌ഐ ആയിരുന്ന മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓടിച്ചു വന്ന സ്കൂട്ടര്‍ പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ മാതാവ് ഫസീലയാണ് സ്‌കൂട്ടര്‍ ഓടിക്കാൻ നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഫസീലയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.