ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി
alternatetext

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. നെല്ലിപ്പറ്റക്കുന്ന്‌ അടിവാരം പുത്തന്‍പുരയ്‌ക്കല്‍ ഷാജുവാണ്‌ (54) ഭാര്യ ബിന്ദു(49), മകന്‍ ബേസില്‍(27) എന്നിവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്‌. ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം. ബിന്ദുവിന്റെ മൃതദേഹം വീടിന്റെ താഴത്തെ നിലയില്‍ കിടപ്പുമുറിയിലും ബേസിലിന്റേത്‌ ഹാളിലുമാണ്‌ ഉണ്ടായിരുന്നത്‌. മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ വിഷം അകത്തുചെന്നു മരിച്ച നിലയിലായിരുന്നു ഷാജുവിന്റെ മൃതദേഹം.

കുടുംബ പ്രശ്‌നമാണ്‌ പ്രകോപനത്തിനു കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ്‌ പോലീസ്‌. എങ്കിലും പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണം വ്യക്‌തമായിട്ടില്ല. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന്‌ ഷാജുവിന്‌ വീട്ടില്‍ പ്രവേശിക്കുന്നതിന്‌ നിയമ തടസം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഷാജു വീട്ടില്‍ എത്തിയതായി ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചിരുന്നു. ബന്ധുക്കള്‍ ബിന്ദുവിനെയും ബിന്ദുവിന്റെ മകനെയും വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നേരം പുലര്‍ന്നിട്ടും ആരെയും വീടിനു പുറത്തു കാണാത്തതിലും ഫോണ്‍ എടുക്കാത്തതിലും പന്തികേടുതോന്നി സമീപവാസികള്‍ വന്നുനോക്കിയപ്പോഴാണ്‌ ബിന്ദുവിനെയും ബേസിലിനെയും വീട്ടില്‍ വെട്ടേറ്റ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ വീട്ടില്‍ വിശദമായി പരിശോധിച്ചപ്പോള്‍ മുകളിലത്തെ നിലയില്‍ ജീവനൊടുക്കിയ നിലയില്‍ ഷാജുവിന്റെ മൃതദേഹവും കണ്ടെത്തി. പോലീസ്‌ സ്‌ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു