പോക്സോ കേസുകളില്‍ ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷൻ ഹെെക്കോടതിക്കും ആഭ്യന്തര വകുപ്പിനും കെെമാറി

പോക്സോ കേസുകളില്‍ ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷൻ ഹെെക്കോടതിക്കും ആഭ്യന്തര വകുപ്പിനും കെെമാറി
alternatetext

തിരുവനന്തപുരം: പോക്സോ കേസുകളില്‍ ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹെെക്കോടതിക്കും ആഭ്യന്തര വകുപ്പിനും കെെമാറി മനുഷ്യാവകാശ കമ്മീഷൻ. പോക്സോ കേസുകളില്‍ ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കമ്മീഷന്റെ നടപടി. വിചാരണ വേളയില്‍ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ശിക്ഷ കുറയാനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയില്‍ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീര്‍പ്പാക്കുന്നു. കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാൻ കാല താമസമുണ്ടാകുന്നു. പ്രതിക്കെതിരെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതും ശിക്ഷ കുറയാനുള്ള കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കുറ്റകൃത്യം തെളിയിക്കാൻ വാക്കാലുള്ള തെളിവുകളെക്കാള്‍ സാഹചര്യ / ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി കുറ്റകൃത്യം നടന്നുവെന്ന് സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും 164 സി ആര്‍ പി സി മൊഴി രേഖപ്പെടുത്തണം.

കെമിക്കല്‍ എക്സാമിനേഷൻ റിസള്‍ട്ട്, സീൻപ്ലാൻ, ജനന സര്‍ട്ടിഫിക്കറ്റ്, വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ കാലതാമസം ഒഴിവാക്കി ശേഖരിച്ച്‌ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കണം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്ബ് അന്വേഷണ ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തി തെളിവുകളുടെ പ്രസക്തിയെക്കുറിച്ച്‌ നിയമോപദേശം തേടണം. പ്രതിമാസ ക്രൈം കോണ്‍ഫറൻസില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ പോക്സോ കേസുകളുടെ ജില്ലാ നോഡല്‍ ഓഫീസര്‍ സൂക്ഷ്മ പരിശോധന നടത്തണം.

പോക്സോ കോടതിയില്‍ വിചാരണ നടപടികളില്‍ സഹായിക്കാൻ കാര്യക്ഷമതയും പോക്സോ നിയമത്തില്‍ അറിവുമുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയോഗിക്കണം. അതിജീവിത കേസില്‍ ഹോസ്റ്റയിലായാല്‍ നേരത്തേ നല്‍കിയ വിക്ടിം കോമ്ബൻസേഷൻ തിരിച്ചു പിടിക്കണം. അതിജീവിതയുടെ ബന്ധുക്കള്‍ പ്രതിയാകുന്ന കേസില്‍ ഇരയെ സുരക്ഷിതമായി പാര്‍പ്പിക്കണം. അതിജീവിതയെ വിക്ടിം ലയ്സൻ ഓഫീസര്‍ സ്ഥിരമായി സന്ദര്‍ശിക്കണം.

അതിജീവിതയെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കുന്നതും ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കും.