മൂവാറ്റുപുഴ: അഡ്വക്കേറ്റ് ജോയ്സ് ജോർജ് എംപി ആയിരുന്ന കാലത്ത് എംപി ഫണ്ടുപയോഗിച്ച് നിർമ്മിച്ചതും, മലയാളികളുടെ മനസ്സിൽ വവ്വാൽ വെയിറ്റിംഗ് ഷെഡ് എന്ന പരിഹാസനിർമ്മിതിയായി മാറിയതുമായ മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ബസ് കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിച്ചതിലെ അപാകതകളും ക്രമക്കേടുകളും രാഷ്ട്രീയ ഇടപെടലുകളും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി അഡ്വ. ജോയ്സ് ജോര്‍ജ്ജ് വിജിലന്‍സില്‍ പരാതിയുമായി രംഗത്തെത്തി.
2018ൽ ആണ് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള എറണാകുളം ജില്ലാ കളക്ടര്‍ മൂവാറ്റുപുഴ നഗരസഭയെ നിര്‍വ്വഹണ ഏജന്‍സിയായി തീരുമാനിച്ച്, എന്‍ജിനീയറിംഗ് വിഭാഗം നാല്പതു ലക്ഷം രൂപയുടെ എസ്റ്റിമേറ്റോടു കൂടിയുള്ള പ്ലാൻ തയ്യാറാക്കിയത്. മഴയും, വെയിലും കൊള്ളാതെ യാത്രക്കാർക്ക് ബസ്സുകളിൽ കയറി ഇറങ്ങാൻ പറ്റുന്ന രീതിയിൽ ബസ് ഷെല്‍ട്ടറും, അതിനോട് ചേര്‍ന്ന് കംഫര്‍ട്ട് സ്റ്റേഷനും, മൊബൈല്‍ ചാര്‍ജിംഗ്- വൈഫൈ സൗകര്യങ്ങളും, സോളാര്‍ പാനലുകളും- ബാറ്ററി റൂമും ഉള്‍പ്പടെ മൂവാറ്റുപുഴ നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ തയ്യാറാക്കിയ ത്രീഡി അനിമേഷന്‍ പ്ലാൻ ജില്ലാ കളക്ടറും മറ്റുദ്യോഗസ്ഥരും പങ്കെടുത്ത റിവ്യൂ കമ്മറ്റി മുമ്പാകെ അവതരിപ്പിച്ച് അംഗീകാരം നേടിയതാണ്.
എന്നാൽ 2018 ഒക്ടോബര്‍ 17 ന് എറണാകുളം ജില്ലാ കളക്ടര്‍ ഭരണാനുമതി നല്കി ടെന്‍ഡര്‍ വിളിച്ച് ആരംഭിച്ച പ്രവൃത്തികൾ പ്ലാനിനും, എസ്റ്റിമേറ്റിനും വിരുദ്ധമായാണ് നടത്തിയിട്ടുള്ളതെന്നും, പുതുക്കിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയോ എസ്റ്റിമേറ്റോ നല്‍കിയിട്ടില്ലെന്നും മുൻ എംപി പറഞ്ഞു. എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് അംഗീകരിച്ച എസ്റ്റിമേറ്റില്‍ മാറ്റം വരുത്തി ഭരണാനുമതി പുതുക്കണമെങ്കില്‍ പദ്ധതി നിര്‍ദ്ദേശിച്ച എംപിയുടെ രേഖാമൂലമുള്ള അനുമതിപത്രം ആവശ്യമാണ്. പക്ഷേ അന്നത്തെ എംപി ആയിരുന്ന താൻ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തുന്നതിനോ, പുതുക്കിയ ഭരണാനുമതി നല്‍കുന്നതിനോ കത്ത് നല്‍കിയിട്ടില്ലെന്നും നല്‍കിയിരുന്ന എസ്റ്റിമേറ്റും പ്ലാനുമായി ബന്ധമില്ലാതെയാണ് പണികള്‍ നടത്തിയതെന്ന് ബോധ്യവന്നതിനാല് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്ത്തിവയ്പ്പിക്കുകയാണുണ്ടായതെന്നും ജോയ്സ് ജോര്‍ജ്ജ് മാധ്യമങ്ങളെ അറിയിച്ചു.
തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയെങ്കിലും, അപൂർണമായ കാത്തിരിപ്പ് കേന്ദ്രം പൂര്‍ത്തീകരിച്ചെന്ന് കാണിച്ച് തന്റെ പേര് വച്ച് ബോര്‍ഡ് വയ്ക്കുകയും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കരാറുകാരന് പണം നല്‍കുന്നതിന് എറണാകുളം ജില്ലാ കളക്ടര്‍ 2023 ജനുവരിയില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ഈ ഉത്തരവിന്മേല് കരാറുകാരന് 31,69,969/- രൂപ നല്‍കുകയും ചെയ്തു. ഈ തുക നൽകുമ്പോൾ തന്നെ ബസ് ഷെല്‍ട്ടറിന്റെ മേല്‍ക്കൂര തുരുമ്പെടുത്ത് നശിക്കാറായ അവസ്ഥയിലായിരുന്നവെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു.
നിലവിലുള്ള ബസ് ഷെല്‍ട്ടറില്‍ നില്ക്കുന്ന ആളുകള്‍ മഴയും വെയിലും കൊള്ളുമെന്ന് കണ്ട് അതൊഴിവാക്കുന്നതിന് ജില്ലാ കളക്ടര്‍ നിയോഗിച്ച കമ്മറ്റി നിലവിലുള്ള ഷെല്‍ട്ടറിനുള്ളില്‍ മറ്റൊരു ഷെല്‍ട്ടര്‍ കൂടി നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ ചെയ്തു. എംപി ഫണ്ടില്‍ നിന്നും ഇതിനു വേണ്ടി തുക വിനിയോഗിക്കാം എന്നിരിക്കെ മൂവാറ്റുപുഴ നഗരസഭയാണ് പദ്ധതി തുക കണ്ടെത്തിയത്. നഗരസഭയുടെ ഈ നടപടികളും ദുരൂഹത നിറഞ്ഞതാണ്. കൂടാതെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്തിയ നിർമാണത്തിന്റെ അപാകതകള പരിശോധിക്കാതെയും, നിലവിലെ അവസ്ഥ വിലയിരുത്താതെയും കരാറുകാരന് പണം നല്കിയ
ജില്ലാ കളക്ടറുടെ ഉത്തരവ് തന്നെ കരാറുകാരെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുക എന്ന ഗൂഢോദ്ദേശത്തോടെ ആണെന്നും, ഉത്തരവാദികളെ രക്ഷിക്കാനും, കരാറുകാരന് പണം നല്‍കുന്നതിലും വഴിവിട്ട ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും മുന്‍ എംപി അഡ്വ. ജോയ്സ് ജോര്‍ജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.