യുവ വ്യവസായിയെ വകവരുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍.

യുവ വ്യവസായിയെ വകവരുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍.
alternatetext

യുവ വ്യവസായിയെ വകവരുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍. പാലക്കാട്‌ സ്വദേശികളായ നൂറണി പുത്തന്‍ പീടിയേക്കല്‍ അമീര്‍ അബ്ബാസ്‌ (25), നെല്ലിക്കാട്‌ കാദര്‍ മന്‍സിലില്‍ ഫാസില്‍ ഇസ്‌മയില്‍ (25) എന്നിവരെയാണ്‌ അടിമാലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോട്ടയം ഏറ്റുമാനൂര്‍ ഷെമി മന്‍സിലില്‍ ഷെമി മുസ്‌തഫയുടെ പരാതിയെത്തുടര്‍ന്നാണ്‌ അറസ്‌റ്റ്‌.

സംഭവത്തില്‍ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: ” ദുബായിലും കേരളത്തിലും വ്യവസായികളായിരുന്നു ഷെമിയും സുഹൃത്തായ ജമീല്‍ മുഹമ്മദും. മൂന്നാര്‍ മേഖലയില്‍ രണ്ടിടങ്ങളില്‍ ഇവര്‍ ഹോട്ടല്‍ വ്യവസായം ആരംഭിച്ചു. ഇടയ്‌ക്ക്‌ ഇവര്‍ തമ്മില്‍ ഷെയര്‍ പിരിഞ്ഞു. 60 കോടിയോളം നല്‍കി കേരളത്തിലെ കൂട്ടുകച്ചവട കരാറില്‍ നിന്നും ജമീലിനെ ഒഴിവാക്കി. പിന്നീട്‌ ജമീല്‍, തന്റെ മാനേജരായ പാലക്കാട്‌ സ്വദേശി സാക്കിര്‍ അഷറഫിനെ ഉപയോഗിച്ച്‌ ഷെമിക്കെതിരേ ക്വട്ടേഷന്‍ നല്‍കി. ക്വട്ടേഷന്‍ സംഘം ഇന്നോവ കാറില്‍ ഷെമിയെ പിന്തുടര്‍ന്നു.

കഴിഞ്ഞ മാസം 14 മുതല്‍ തുടര്‍ച്ചയായി മൂന്നു ദിവസം ഷെമിയെ പിന്തുടരുകയായിരുന്നു. നേര്യമംഗലം പാലത്തിനു സമീപം ഇന്നോവ കാര്‍ ഷെമിയുടെ വാഹനത്തില്‍ ഇടിപ്പിച്ചു. തുടര്‍ന്ന്‌ പ്രകോപനമുണ്ടാക്കി ആക്രമിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ജനം കൂടിയതോടെ ലക്ഷ്യം നടന്നില്ല. പിറ്റേന്ന്‌ രാവിലെ ഇവരുടെ ആക്രമണ ലക്ഷ്യം അജ്‌ഞാത ഫോണ്‍ സന്ദേശത്തിലൂടെ ഷെമി മനസിലാക്കി. ഇദ്ദേഹത്തിന്റെ ഉടമസ്‌ഥതയിലുള്ള തെള്ളകത്തെ വീട്‌, പെരുവന്താനത്തെ ഫാം ഹൗസ്‌, ആനച്ചാല്‍, വിരിപാറ എന്നിവിടങ്ങളിലെല്ലാം ഇതേ ഇന്നോവ കാര്‍ പിന്തുടര്‍ന്നിരുന്നതായും നിരീക്ഷണ ക്യാമറയില്‍ നിന്നും വ്യക്‌തമായി. തുടര്‍ന്നാണ്‌ അടിമാലി പോലീസില്‍ പരാതി ലഭിച്ചത്‌.” വാഹനത്തിന്റെ നമ്ബര്‍ പിന്തുടര്‍ന്ന്‌ നടത്തിയ അനേ്വഷണമാണ്‌ പ്രതികളിലേക്ക്‌ എത്തിച്ചത്‌.

കേസില്‍ ആകെ ആറു പ്രതികളാണുള്ളതെന്നും പോലീസിന്‌ വിവരം ലഭിച്ചു. പ്രധാന പ്രതികളായ ജമീല്‍, സാക്കിര്‍ എന്നിവര്‍ ദുബായിലാണ്‌. പാലക്കാട്‌ മേപ്പറമ്ബില്‍ നിന്നുമാണ്‌ ഫാസില്‍, അമീര്‍ എന്നിവരെ പിടികൂടിയത്‌. തുടര്‍ന്ന്‌ അടിമാലിയില്‍ എത്തിച്ച്‌ തെളിവെടുപ്പിനു ശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തി.