സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി വിധിപറയാൻ മാറ്റി.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി വിധിപറയാൻ മാറ്റി.
alternatetext

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി വിധിപറയാൻ മാറ്റി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്താൻ ഗണേഷ് കുമാറിനും സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ വനിതക്കുമെതിരെ അഡ്വ. സുധീര്‍ ബാബു നല്‍കിയ പരാതിയെ തുടര്‍ന്നുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ പരിഗണനയിലുള്ളത്.

കേസിലെ തുടര്‍നടപടികളിലെ സ്റ്റേ നീക്കിയ ഹൈകോടതി, 10 ദിവസത്തേക്ക് ഗണേഷ് നേരിട്ട് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി. പത്തനംതിട്ട ജയിലില്‍ കഴിയുമ്ബോള്‍ പ്രതിയായ വനിത 25 പേജുള്ള കത്ത് തയാറാക്കി അഡ്വ. ഫെന്നി ബാലകൃഷ്‌ണൻ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നല്‍കിയത് 21 പേജുള്ള കത്താണെന്നും എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടിയുടെയടക്കം പേരുകള്‍ രേഖപ്പെടുത്തി നാലുപേജുകൂടി ചേര്‍ത്താണ് നല്‍കിയതെന്നുമാണ് സുധീര്‍ ബാബുവിന്‍റെ പരാതി.

മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഗണേഷ് വ്യാജരേഖ ചമച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 25 പേജുള്ള കത്താണ് എഴുതിയതെന്ന് പ്രതിയായ വനിതതന്നെ സോളാര്‍ കമീഷനിലുള്‍പ്പെടെ വ്യക്തമാക്കിയ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് ഗണേഷിന്‍റെ വാദം. ഒരാള്‍ക്ക് എത്ര കത്തുവേണമെങ്കിലും എഴുതാമെന്നിരിക്കെ ഒന്ന് അസ്സലും മറ്റുള്ളവ വ്യാജവുമാണെന്ന് പറയാനാവുന്നതെങ്ങനെ. അതിനാല്‍, വ്യാജരേഖ കുറ്റം നിലനില്‍ക്കില്ല. ഈ കേസിലെ തുടര്‍ നടപടി കോടതി നടപടികളുടെ ദുരുപയോഗമാണെന്നും ഗണേഷിന്‍റെ അഭിഭാഷകൻ വാദിച്ചു