കരുവന്നൂര്‍ മാതൃകയില്‍ മറ്റ് വിഷയങ്ങളിലും ഇടപെടുമെന്ന് വ്യക്തമാക്കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇതുപോലെ കേരളത്തില്‍ പല സ്ഥലങ്ങളും സന്ദര്‍ശിക്കും. മലപ്പുറത്ത് നിന്നുമാണ് ഏറ്റവും അധികം പരാതികള്‍ ലഭിച്ചിട്ടുള്ളത്.
തട്ടിപ്പുകളെ കുറിച്ച് നിരവധി പരാതികള്‍ ദുബൈയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ദുബൈയില്‍ നിന്ന് ഇരുന്നൂറ് പേര്‍ അദാലത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര അനുമതി കിട്ടിയാല്‍ ദുബൈയിലും അദാലത്ത് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ബി ഗോപാലകൃഷ്ണൻ, കെ കെ അനീഷ് കുമാര്‍, ഹരി കെ ആര്‍ തുടങ്ങി 500 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്നാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് വ്യക്തമാക്കിയത്.