ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. മധ്യപ്രദേശില്‍ 144, ഛത്തീസ്ഗഢില്‍ 30, തെലുങ്കാനയില്‍ 55 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാര സീറ്റില്‍ മുൻ മുഖ്യമന്ത്രി കമല്‍നാഥ് വീണ്ടും മത്സരിക്കും.
മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്‍റെ സഹോദരൻ ലക്ഷ്മണ്‍ സിംഗ് ചച്ചൗരയില്‍നിന്ന് മത്സരിക്കും. ദിഗ്‌വിജയ് സിംഗിന്‍റെ മകൻ ജയ്‌വര്‍ധൻ സിംഗ് രഘോഗഡില്‍നിന്ന് മത്സരിക്കും. കഴിഞ്ഞ കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ജയ്‌വര്‍ധൻ സിംഗ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നേരിടാൻ ബുധ്നി മണ്ഡലത്തില്‍ ജനപ്രിയ നടൻ വിക്രം മസ്തലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ആനന്ദ് സാഗറിന്‍റെ 2008ലെ പരന്പരയായ ‘രാമായണ’ത്തില്‍ ഹനുമാന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചാണു വിക്രം മസ്തല്‍ പ്രേക്ഷകപ്രീതി നേടിയത്. കൂടാതെ, ചുര്‍ഹട്ടില്‍നിന്ന് അജയ് സിംഗ് രാഹുലിനെയും റൗവില്‍നിന്ന് ജിതു പട്വാരിയെയും ആറ്ററില്‍നിന്ന് ഹേമന്ത് കടാരെയെയും ഝബുവയില്‍നിന്ന് വിക്രാന്ത് ഭൂരിയയെയും കോണ്‍ഗ്രസ് കളത്തിലിറക്കുന്നുണ്ട്. ആദ്യപട്ടികയില്‍ 30 എസ്ടി സമുദായ മണ്ഡലങ്ങളിലും 22 എസ്‌സി സമുദായ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പാടാനില്‍നിന്ന് മത്സരിക്കും. 2003 മുതല്‍ പാടാനെ പ്രതിനിധീകരിച്ച ബാഗേല്‍ 2014 മുതല്‍ 2019 വരെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പടാൻ സീറ്റില്‍ അദ്ദേഹം തന്‍റെ ബന്ധുവും ബിജെപി നേതാവുമായ വിജയ് ബാഗേലിനെ നേരിടും. ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദേവ് അദ്ദേഹത്തിന്‍റെ സ്വന്തം മണ്ഡലമായ അംബികാപുരില്‍ വീണ്ടും മത്സരിക്കും. കോണ്‍ഗ്രസ് നേതാവ് അമര്‍ജീത് ഭഗത് നാലുതവണ വിജയിച്ച സീതാപുര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നുതന്നെയാണ് മത്സരിക്കുന്നത്. ഛത്തീസ്ഗഡില്‍ പ്രഖ്യാപിച്ച 30 സ്ഥാനാര്‍ഥികളില്‍ 14 പേരും എസ്ടി വിഭാഗത്തില്‍പ്പെട്ടവരാണ്. കൂടാതെ, ആദ്യ പട്ടികപ്രകാരം മൂന്ന് സ്ത്രീകള്‍ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
തെലുങ്കാനയില്‍ 55 സ്ഥാനാര്‍ഥികളെയാണു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അനുമുല രേവന്ത് റെഡ്ഡി കൊടങ്കലില്‍നിന്നും ഉത്തംകുമാര്‍ റെഡ്ഡി ഹുസൂര്‍നഗറില്‍ നിന്നും മത്സരിക്കും. മുലുഗുവില്‍നിന്ന് ദാസരി സീതക്കയും മേഡക്കില്‍നിന്ന് മൈനാന്പള്ളി രോഹിത് റാവുവും മല്‍ക്കജ്ഗിരിയില്‍നിന്ന് മൈനാന്പള്ളി ഹനുമന്ത് റാവുവും മത്സരിക്കും.