തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ ആര്‍ക്കൊക്കെ നല്‍കണമെന്ന് തീരുമാനിച്ചത് സി.പി.എമ്മാണെന്ന ഇ.ഡിയുടെ റിപ്പോര്‍ട്ട് തട്ടിപ്പിലെ സി.പി.എം പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അനധികൃത വായ്പകള്‍ നല്‍കിയത് ഉന്നത സി.പി.എം നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നും വായ്പകള്‍ നിയന്ത്രിക്കാൻ സി.പി.എം സബ് കമ്മറ്റിയെ വെച്ചെന്നുമുള്ള ഇ.ഡി റിപ്പോര്‍ട്ട് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിലൊക്കെ ഇത്തരത്തിലുള്ള സംവിധാനമാണോയുള്ളതെന്ന് പറയേണ്ടത് ഗോവിന്ദനാണ്. കരുവന്നൂരില്‍ ഭരണസമിതി മാത്രം അറിഞ്ഞുള്ള തട്ടിപ്പാണെന്ന സി.പി.എമ്മിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ഇ.ഡിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അരവിന്ദാക്ഷന് വേണ്ടി സമരം ചെയ്തതിന് സി.പി.എം നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇ.ഡിയുടെ തീരുമാനം ഇത്തരം തട്ടിപ്പ് നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരില്‍ പണം നഷ്ടമായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കും വരെ ബി.ജെ.പി പോരാടുമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.